നിപ സ്ഥിരീകരിച്ചതായി പൂനെയിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി
ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്: കേരളത്തിൽ നിപ സ്ഥിരീകരിച്ചതായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുറച്ച് സമയം മുമ്പും പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി സംസാരിച്ചിരുന്നു. പരിശോധന കഴിഞ്ഞിട്ടില്ലെന്നാണ് അവർ അറിയിച്ചത്. ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അഞ്ച് സാമ്പിളുകളാണ് പരിശോധിക്കുന്നത്. മരിച്ച ഒരാളുടെയും ആശുപത്രിയിലുള്ള നാലുപേരുടെയും സാമ്പിളുകളാണ് പരിശോധനക്കയച്ചത്. കേന്ദ്രവുമായി ആശയക്കുഴപ്പമില്ല. ലഭിച്ച പ്രാഥമിക വിവരമനുസരിച്ചാവാം കേന്ദ്രമന്ത്രി പ്രതികരിച്ചതെന്നും വീണാ ജോർജ് പറഞ്ഞു.
കോഴിക്കോട് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. നിപ സംശയത്തെ തുടർന്ന് നാലുപേരാണ് കോഴിക്കോട്ട് ചികിത്സയിലുള്ളത്. നിലവിൽ 75 പേരുടെ സമ്പർക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. നിപ പ്രതിരോധത്തിനായി വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വീണാ ജോർജ് പറഞ്ഞു.