വ്യാഴവും വെള്ളിയും സംസ്ഥാനത്ത് തീവ്രമഴ
ബുധനാഴ്ച സംസ്ഥാനത്തുടനീളം മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി
സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച സംസ്ഥാനത്തുടനീളം മഴയുണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ തീവ്രമഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. കേരളത്തിനു പുറമെ കർണാടക, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകി. ബുധനാഴ്ച 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇടുക്കിയിൽ വീണ്ടും മഴ കനത്തു. ചെറുതോണിയിലും ഇടുക്കി ഡാമിൻറെ വൃഷ്ടി പ്രദേശത്തും മഴ തുടരുകയാണ്. ഡാമിലെ ജലനിരപ്പ് 2397.28 അടിയായി ഉയർന്നു. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് കൂടി. എറണാകുളം ഇടമലയാർ ഡാം നാളെ തുറന്നേക്കും. ഡാമിൻറെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. പെരിയാറിൻറെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 28 ആയി. ഇന്ന് നാല് മരണമാണ് സ്ഥിരീകരിച്ചത്. ഇടുക്കി കൊക്കയാറിൽ കാണാതായ മുഴുവൻപേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. നാല് വയസുകാരൻ സച്ചു ഷാഹുലിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. എൻ.ഡി.ആർ.എഫ്, ഫയർ ആൻഡ് റസ്‌ക്യു ടീം, നാട്ടുകാർ തുടങ്ങി നിരവധി സംഘങ്ങൾ രാവിലെ മുതൽ തെരച്ചിൽ നടത്തിയിരുന്നു.