സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നിരവധിയിടങ്ങളിൽ നാശനഷ്ടം
തൃശൂരും കോഴിക്കോടും ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു
കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. നിരവധിയിടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. തൃശൂരും കോഴിക്കോടും ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു. തൃശ്ശൂർ റൗണ്ടിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിനു മുകളിലാണ് മരം കടപുഴകി വീണത്. 4 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മലപ്പുറം തിരൂരങ്ങാടി വെളിമുക്കിൽ കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട ചില സ്ഥലങ്ങളിലെ നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. അശാസ്ത്രീയമായ ഡ്രെയ്‌നേജ് നിർമാണമാണ് ഇതിന് കാരണമെന്നാണ് പറയുന്നത്.
ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതചുഴികളാണ് മഴ ശക്തി പ്രാപിക്കാനുള്ള കാരണമായി കണക്കാക്കുന്നത്. ശക്തമായ തിരമാലകൾക്കും 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനുമുള്ള സാധ്യതയുമുള്ളതിനാൽ തീരദേശ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഒരറിയിപ്പുണ്ടാവുന്നത് വരെ തെക്കൻ തീരത്തുള്ളവർ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്. ന്യൂനമർദം അവസാനിക്കുന്നതോടെ മെയ് 31ന് കാലവർഷം കേരളാ തീരത്തെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൃശൂർ ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ വി.ആർ കൃഷ്ണതേജ അറിയിച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോരപ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ നിരോധിച്ചു.
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.