ഹേമ കമ്മിറ്റി റിപ്പോർട്ട് : ദേശീയ വനിതാ കമ്മിഷൻ നാളെ കേരളത്തിലെത്തും
തലസ്ഥാനത്ത് താമസിക്കുന്ന സംഘം പുതിയ പരാതികളും സ്വീകരിക്കും
ഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച കൂടുതൽ അന്വേഷണം നടത്താൻ ദേശീയ വനിതാ കമ്മിഷൻ കേരളത്തിലേക്ക്. നാളെ തിരുവനന്തപുരത്തെത്തുന്ന കമ്മിഷൻ അംഗങ്ങളുടെ സംഘം പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തും. മൂന്നുദിവസം തലസ്ഥാനത്ത് താമസിക്കുന്ന സംഘം പുതിയ പരാതികളും സ്വീകരിക്കും.
കമ്മിഷൻ അംഗവും മാധ്യമ ഉപദേഷ്ടാവുമാണ് നാളെ കേരളത്തിലെത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കേരളം നൽകാത്തതിനെ തുടർന്നാണ് വിഷയത്തിൽ ദേശീയ വനിതാ കമ്മിഷൻ ഇടപെട്ടത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടും സംസ്ഥാന ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ മറുപടി പോലും നല്‍കിയില്ലെന്ന് കമ്മിഷൻ അറിയിച്ചു. ഇതിനു പിന്നാലെയാണ് നടപടി. ബിജെപി നേതാക്കളായ സന്ദീപ് വജസ്പതിയുടെയും ശിവശങ്കരന്റെയും പരാതിയിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കമ്മീഷൻ അന്വേഷണം ആരംഭിച്ചത്.