മഴക്കെടുതി; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി

ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Update: 2022-08-02 10:21 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്. അതേസമയം മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.

സംസ്ഥാനത്തെ ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊന്മുടി ,കല്ലാർകുട്ടി,ലോവർ പെരിയാർ, ഇരട്ടയാർ, കുണ്ടള, പെരിങ്ങൽക്കുത്ത്,  മൂഴിയാർ ഡാമുകളിലാണ് റെഡ് അലര്‍ട്ട്.

കണ്ണൂരിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസുകാരി ഉൾപ്പെടെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. കോട്ടയത്തും രണ്ട് പേർ മരിച്ചു. കോതമംഗലത്ത് വനത്തിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മുളന്തുരുത്തിയിൽ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു. ഇന്നു രാവിലെ വൈക്കം കായലിൽ നിന്നാണ് മൃതദേഹം കണ്ടു കിട്ടിയത്. ഇതോടെ എറണാകുളം ജില്ലയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

ചാലക്കുടി മേഖലയിലെ പ്രളയബാധിത സ്ഥലങ്ങൾ റവന്യു മന്ത്രി കെ രാജൻ സന്ദർശിച്ചു . വെള്ളം ഉയരാൻ സാധ്യതയുള്ള ഇടങ്ങളിലുള്ളവരെ മാറ്റി പാർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി . ജില്ലാ കലക്ടർ ഹരിത വി കുമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥന്മാരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

അതേസമയം ചാവക്കാട് കാണാതായ മത്സ്യതൊഴിലാളികൾക്കായുള്ളതിരച്ചിൽ തുടരുകയാണ്. നേവിയുടെ ഹെലികോപ്ടറും തെരച്ചിലിനെത്തി. ചാലക്കുടിപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിച്ചു.

കനത്തമഴയിൽ തിരുവനന്തപുരം ആര്യങ്കോട് കാലായിൽ ഒരു വീട് തകർന്നു. പത്തനംതിട്ടയിൽ നദികളിലെ ജലനിരപ്പ് അപകട നിലയിൽ പമ്പ, അച്ചൻകോവിൽ മണിമല, തിരുവല്ല, അപ്പർ കുട്ടനാട് മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തിരുവല്ല താലൂക്കിലാണ് ക്യാമ്പ് ഏറ്റവും കൂടുതൽ തുറന്നത്. 226 ആളുകളെ ക്യാമ്പിലേക്ക് മാറ്റി. കിഴക്കൻ മലയോര മേഖലയിലും വന പ്രദേശങ്ങളിലും മഴ തുടരുകയാണ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News