വധശിക്ഷ കാത്ത് കഴിയുന്ന എട്ട് പ്രതികളുടെ പശ്ചാത്തലം പഠിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

വധശിക്ഷയിൽ അന്തിമ തീരുമാനം എടുക്കുന്നതിന്റെ ഭാഗമായാണ് നടപടി

Update: 2024-01-08 04:39 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: വധശിക്ഷ കാത്ത് കഴിയുന്ന എട്ട് പ്രതികളുടെ പശ്ചാത്തലം കൂടി പഠിക്കാൻ ഉത്തരവിട്ട് കേരള ഹൈക്കോടതി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദേശം. സർക്കാരിന്റെ എതിർപ്പ് മറികടന്ന് പ്രൊജക്ട് 39 A എന്ന എൻജിഒക്കാണ് പശ്ചാത്തല പഠനത്തിന്റെ ചുമതല. വധശിക്ഷയിൽ അന്തിമ തീരുമാനം എടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

വിചാരണ പൂർത്തിയായി വധശിക്ഷക്ക് വിധിക്കപ്പെട്ട എട്ട് പ്രതികളുടെ സാമൂഹിക മാനസിക സാമ്പത്തിക പശ്ചാത്തലം പഠിക്കാനാണ് ഹൈക്കോടതി ഉത്തരവ്. വധശിക്ഷയിൽ അന്തിമതീരുമാനം എടുക്കുംമുൻപ് പ്രതികളുടെ ഭൂതകാലം പരിശോധിക്കണമെന്ന സുപ്രിംകോടതി നിർദേശം പരിഗണിച്ചുകൂടിയാണ് ജസ്റ്റിസുമാരായ ജയശങ്കരൻ നനപ്യാർ കൗസർഎടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് മെറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ഉത്തരവിട്ടത്.

2013ൽ ചോറ്റാനിക്കരയിൽ നാലരവയസുകാരിയെ കൊലപ്പെടുത്തിയ രജിത്ത്, കൊടുംകുറ്റവാളിയായ ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അനിൽകുമാർ ,അജിത് കുമാർ , കുണ്ടറ ആലീസ് വധക്കേസ് പ്രതി ഗിരീഷ് കുമാർ,ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ കെ ജിതകുമാർ, എസ്.വി   ശ്രീകുമാർ എന്നിവരുടെയും ആലപ്പുഴയിലെ കോണ്‍ഗ്രസ് വാർഡ് പ്രസിഡന്റിനെ കൊലപ്പെടുത്തിയെ കേസിലെ പ്രതിയായ സിപിഎം മുൻ നേതാവ് ആർ ബൈജു, കോട്ടയം പാറന്പുഴയിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യു.പി സ്വദേശി നരേന്ദ്രകുമാർ എന്നിവരുടെ മെറ്റിഗേഷൻ ഇൻവെസ്റ്റിഗേഷൻ നടത്താനാണ് ഉത്തരവ്. നേരത്തെ ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാമിന്റെയും പശ്ചാത്തല പരിശോധനക്ക് കോടതി ഉത്തരവിട്ടിരുന്നു.

മുൻപുണ്ടായ ഏതെങ്കിലും സംഭവങ്ങൾ പ്രതിയുടെ മാനസിക നിലയെ ബാധിച്ചിട്ടുണ്ടോ അത് കുറ്റകൃത്യത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നുള്ളതാണ് പഠനവിധേയമാക്കുക. പ്രൊജക്ട് 39A എന്ന സംഘടനയ്ക്കാണ് പഠനത്തിന്റെ ചുമതല. എന്നാൽ സ്വകാര്യ ഏജൻസിയെ പഠനത്തിന് നിയോഗിച്ചതിനെ സർക്കാർ എതിർത്തെങ്കിലും സുപ്രിംകോടതിയും ഇത്തരം പഠനങ്ങൾക്ക് പ്രൊജക്ട് 39Aയെയാണ് ആശ്രയിക്കുന്നതെന്ന് കോടതി വിലയിരുത്തി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News