വിമാനത്താവളങ്ങളിൽ ആർടിപിസിആർ കൊള്ളയെന്ന് സിപിഎം എംഎൽഎയും സ്ഥാനാർത്ഥിയും; വില നിശ്ചയിച്ചത് സർക്കാരാണെന്ന് മുഖ്യമന്ത്രി

2,490 രൂപയാണ് ആർടിപിസിആർ പരിശോധനക്കായി വിമാനത്താവളങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിരക്ക്

Update: 2021-10-04 13:20 GMT
Editor : Midhun P | By : Web Desk
Advertising

വിമാനത്താവളങ്ങളിൽ ആർടിപിസിആർ ടെസ്റ്റിന് അമിതനിരക്ക് ഈടാക്കുന്നതായുള്ള സിപിഎം നേതാക്കളുടെ പരാതികള്‍ തള്ളി മുഖ്യമന്ത്രി. സര്‍ക്കാരാണ് വിമാനത്താവളങ്ങളിലെ നിരക്ക് ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. യാത്രക്കാർക്ക് വേണമെങ്കില്‍ പുറത്തുനിന്ന് പരിശോധന നടത്താമെന്നും അദ്ദേഹം പറഞ്ഞു

തൃക്കരിപ്പൂര്‍ എംഎൽഎ എം. രാജഗോപാലാണ് വിഷയം സബ്മിഷനിലൂടെ സഭയിൽ അവതരിപ്പിച്ചത്. വിമാനത്തവളങ്ങളിൽ നടത്തുന്ന ആർടിപിസിആർ പരിശോധനകൾക്ക് 3000 രൂപ വരെ ഈടാക്കുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഇതു വലിയ ചൂഷണമാണെന്നും അദ്ദേഹം പറഞ്ഞു.

സമാനമായ പരാതിയുമായി പെരിന്തൽമണ്ണയിലെ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന കെപി മുഹമ്മദ് മുസ്തഫയും രംഗത്തെത്തിയിരുന്നു. പുറത്തു 500 രൂപയുള്ള ആർടിപിസിആർ പരിശോധനയ്ക്കു വിമാനത്താവളങ്ങളിൽ 2,490 രൂപ ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്നാണ് മുഹമ്മദ് മുസ്തഫ ഫേയ്‌സ്ബുക്കിൽ കുറിച്ചത്. എല്ലാ എയർലൈൻസുകളും പ്രവാസികളെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പരിശോധനാഫലത്തിന്‍റെ ചിത്രമടക്കം പങ്കുവച്ചായിരുന്നു മുസ്തഫയുടെ ആരോപണം.

എന്നാല്‍, വിമാനത്താവളങ്ങളില്‍ ആർടിപിസിആർ നിരക്ക് 2,490 രൂപയായി നിശ്ചയിച്ചത് സര്‍ക്കാരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു മണിക്കൂറിനകം ആർടിപിസിആർ ഫലം ലഭിക്കും. യാത്രക്കാർക്ക് വേണമെങ്കില്‍ പുറത്തുനിന്ന് പരിശോധന നടത്താവുന്നതാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ കോവിഡ് ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹരജിക്കാരെ കേട്ട ശേഷം പുതിയ ഉത്തരവിറക്കാന്‍ കോടതി നിർദേശിച്ചു. സേവനം നിഷേധിക്കുന്ന ലാബുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിര്‍ദേശവും കോടതി റദ്ദാക്കി. സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് രണ്ടുതവണയായാണ് സര്‍ക്കാര്‍ കുറച്ചത്. ആദ്യഘട്ടത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2,100 രൂപയില്‍നിന്ന് 1,500 രൂപയിലേക്കും പിന്നീട് 1,500ല്‍നിന്ന് 500 രൂപയിലേക്കുമാണ് നിരക്ക് കുറച്ചത്.

സര്‍ക്കാര്‍‌ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലാബ് ഉടമകള്‍ ആദ്യം നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ലാബുകളുടെ ഭാഗം കേൾക്കാതെ സർക്കാർ ഏകപക്ഷീയമായാണ് ആര്‍ ടി പി സിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചതെന്ന് കാണിച്ച് ലാബ് ഉടമകള്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി ആദ്യം തള്ളിയത്.


Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News