'ഇതനുവദിച്ചാല്‍ സർക്കാരിനെ കയറഴിച്ചുവിടുംപോലെയാകും': ആശ്രിതനിയമനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ ആയ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍റെ ആശ്രിത നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
കെ.കെ രാമചന്ദ്രൻ നായരുടെ മകന്‍ ആര്‍ പ്രശാന്തിന്‍റെ ആശ്രിത നിയമനത്തിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇത്തരം നിയമനം അനുവദിച്ചാല്‍ സർക്കാരിനെ കയറഴിച്ചുവിടുംപോലെയാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍റെ ആശ്രിത നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മക്കൾക്കുപോലും ആശ്രിത നിയമനം നൽകുന്ന അവസ്ഥയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി യോഗ്യതയുളളവർ പുറത്തു കാത്തു നിൽക്കുമ്പോള്‍ പിൻവാതിലിലൂടെ ചിലർ നിയമിക്കപ്പെടുന്നത് സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചാൽ അവരുടെ കുടുംബത്തിന് സഹായം നല്‍കാനാണ് ആശ്രിത നിയമനമെന്നും എം.എല്‍.എമാരുടെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇത്തരം നിയമനം നല്‍കാന്‍ കേരള സര്‍വീസ് ചട്ടം അനുവദിക്കുന്നില്ലന്നും കോടതി ഉത്തരവില്‍ പറയുന്നു.
പൊതുമരാമത്ത് വകുപ്പിൽ അസി. എൻജിനീയറായി സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് കെ.കെ രാമചന്ദ്രൻ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് ജോലി നൽകിയെന്നായിരുന്നു ഹരജിയിലെ ആരോപണം. 2018ൽ ചെങ്ങന്നൂരില്‍ നിന്നുള്ള സി.പി.എം എം.എൽ.എ ആയിരുന്ന രാമചന്ദ്രൻ നായർ നിര്യാതനായതിന് പിന്നാലെയായിരുന്നു നിയമനം. പിതാവ് മരിച്ച ഒഴിവിൽ നിയമസഭ സീറ്റ് ആവശ്യപ്പെടാതിരിക്കാൻ മകന് സർക്കാർ ജോലി നൽകി ഒഴിവാക്കിയതാണെന്നും ഹരജിയിൽ പറയുന്നുണ്ട്.
എന്നാൽ, നിർദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തിൽ സർക്കാരിനുള്ള പ്രത്യേക അധികാരം വിനിയോഗിച്ച് നിയമപരമായാണ് നിയമനം നൽകിയതെന്നായിരുന്നു സർക്കാർ വാദം. മന്ത്രിസഭ തീരുമാന പ്രകാരമാണ് എൻജിനീയറിങ് ബിരുദധാരിയായ പ്രശാന്തിനെ മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിൽ അസി. എൻജിനീയറായി നിയമിച്ചത്. ഈ തസ്തികയിൽ പ്രത്യേക നിയമനം നടത്തിയത് തന്നെ ബാധിച്ചതായി ഹരജിക്കാരന് പരാതിയില്ലെന്നും സർക്കാർ വാദിച്ചു.