'നവകേരളക്കായി പൊളിച്ച മതിൽ ഖജനാവിലെ പണമെടുത്തല്ലേ നിർമിക്കുന്നത്?'; വിമർശനവുമായി ഹൈക്കോടതി
ജില്ലാ കലക്ടറോടും ദേവസ്വം ബോർഡിനോടും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്
Update: 2023-12-14 13:36 GMT
കൊച്ചി: നവകേരള സദസ്സിനായി മതിലുകൾ പൊളിക്കുന്നതിൽ വിമർശനവുമായി ഹൈക്കോടതി. എന്തിനാണ് മതിലുകൾ പൊളിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം... പൊളിച്ച മതിലുകൾ പുനർനിർമിക്കുമെന്ന് സർക്കാർ മറുപടി നൽകി. എന്നാൽ മതിൽ പുനർനിർമ്മിക്കാൻ ഖജനാവിലെ പണമല്ലെ ചെലവഴിക്കുന്നതെന്നായിരുന്നു കോടതിയുടെ മറുചോദ്യം.
കൊല്ലം കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സിനായി ചക്കുവള്ളി ക്ഷേത്രം വക മൈതാനം വിട്ട് കൊടുത്തത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കോടതി പരാമർശം.. കേസിൽ ചീഫ് സെക്രട്ടറിയെ കക്ഷി ചേർക്കാനും നിർദ്ദേശം നൽകി.. ജില്ലാ കളക്ടറോടും ദേവസ്വം ബോർഡിനോടും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.. ഹരജി നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.