ഹയർസെക്കൻഡറി കെമിസ്ട്രി ഉത്തര സൂചിക നാളെ പുനഃപരിശോധിക്കും
നാളെ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെത്താൻ അധ്യാപകർക്ക് നിര്‍ദേശം നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി കെമിസ്ട്രി ഉത്തര സൂചിക നാളെ പുനഃപരിശോധിക്കും. നാളെ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെത്താൻ അധ്യാപകർക്ക് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കി. ഒരു ജില്ലയിൽ നിന്ന് രണ്ടധ്യാപകർ വീതം തലസ്ഥാനത്തേക്കെത്താനാണ് നിർദേശം.
അതേസമയം മൂല്യനിർണയം ബഹിഷ്‌കരിക്കാത്ത അധ്യാപകർക്കാണ് അറിയിപ്പ് ലഭിച്ചതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ ആരോപിച്ചു. ഇടത് സംഘടനാ അനുഭാവമുള്ള അധ്യാപകരെയാണ് ഇത്തരത്തിൽ പുനഃപരിശോധനക്കായി വിളിച്ചത്. മൂല്യ നിർണയത്തിൽ നിന്ന് വിട്ടു നിന്നവരെയോ പരാതി നൽകിയവരെയോ വിളിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപണമുന്നയിച്ചു.
അധ്യാപകരും വിദഗ്ധരും ചേർന്ന് തയാറാക്കുന്ന ഫൈനലൈസേഷൻ സ്‌കീമിന് പകരം ചോദ്യകർത്താവ് തയാറാക്കിയ ഉത്തരസൂചിക മൂല്യനിർണയത്തിന് നൽകിയതാണ് പ്രതിഷേധത്തിന് കാരണം. ഉത്തരസൂചിക മാറ്റിനൽകണമെന്ന ആവശ്യത്തിനെതിരെ ആദ്യം കടുത്ത നിലപാട് സ്വീകരിച്ച സർക്കാർ അധ്യാപകർ വഴങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് മയപ്പെട്ടത്. മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയായില്ലെങ്കിൽ ഫലപ്രഖ്യാപനം വൈകുമെന്ന പ്രശ്നവുമുണ്ട്. പിന്തുണയുമായി വിവിധ അധ്യാപക-വിദ്യാർത്ഥി സംഘടനകൾ കൂടി എത്തിയതോടെയാണ് സർക്കാരിന് വഴങ്ങേണ്ടി വന്നത്.
അധ്യാപകരുടെ പരാതിയിൽ കഴമ്പുണ്ടെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നേരിട്ട് ഇടപെടുകയായിരുന്നു. ഉത്തരസൂചിക പരിശോധനക്കായി വിദഗ്ധ സമിതിയെ നിയമിക്കാനാണ് നിർദേശം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വകുപ്പുതല യോഗം ചേർന്നിരുന്നു.