ഇന്നേവരെ മദ്യപിച്ചിട്ടില്ല, സിഗരറ്റ് വലിച്ചിട്ടില്ല: എം.വി ഗോവിന്ദന്‍

'കൂടെ വരുന്നില്ലെങ്കില്‍ സി.പി.മ്മില്‍‍ തന്നെ സജീവമായി പ്രവര്‍ത്തിക്കണമെന്ന് എം.വി രാഘവന്‍ അന്നു പറഞ്ഞു'

Update: 2022-09-20 15:52 GMT
Advertising

ഇന്നുവരെ മദ്യം കഴിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാര്‍ട്ടി മെമ്പര്‍മാരെ സംബന്ധിച്ച് മദ്യപാനം ഒരിക്കലും അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് സി.പി.എം. ദ മലബാര്‍ ജേര്‍ണലിന് നല്‍കിയ അഭിമുഖത്തിലാണ് എം.വി ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്.

"ഞാനിന്നേവരെ മദ്യം കഴിച്ചിട്ടില്ല, സിഗരറ്റ് വലിച്ചിട്ടില്ല. ഒരിക്കലും തോന്നിയിട്ടില്ല. കുട്ടിയായിരുന്ന കാലത്ത്, ആറിലോ ഏഴിലോ മറ്റോ പഠിക്കുന്ന കാലത്ത് ഞാന്‍ തന്നെ മുന്‍കയ്യെടുത്ത് ബാലസംഘമുണ്ടാക്കി. മൊറാഴ ബാലസംഘമെന്നായിരുന്നു പേര്. ഹൈസ്കൂള്‍ ആയപ്പോഴേക്കും ബാലസംഘം സജീവമായ പ്രസ്ഥാനമായി. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ പുസ്തക ചര്‍ച്ചയൊക്കെ നടത്തി. അന്നേ എല്ലാവരും പറഞ്ഞുതന്നത് ബീഡി വലിക്കാന്‍ പാടില്ല, സിഗരറ്റ് വലിക്കാന്‍ പാടില്ല, പിന്നെ മദ്യത്തിന്‍റെ കാര്യം പറയേണ്ട കാര്യമില്ലല്ലോ. അങ്ങനെ രൂപപ്പെട്ട മനസ്സാണ് ആ മേഖലയില്‍ ഞങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്നത്"- എം.വി ഗോവിന്ദന്‍ പറഞ്ഞു.

അന്ന് സോവിയറ്റ് യൂണിയനാണല്ലോ കമ്യൂണിസത്തിന്‍റെ അവസാന വാക്ക്, അവരെല്ലാം വോഡ്ക അടിച്ചു കൊണ്ടിരിക്കുന്ന ആളുകളാണെന്നല്ലേ പറയുന്നതെന്ന ചോദ്യത്തിന് കേരളത്തിന് ഒരു ദേശീയ പാരമ്പര്യമുണ്ടെന്ന് എം.വി ഗോവിന്ദന്‍ മറുപടി നല്‍കി. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നവോത്ഥാന പാരമ്പര്യമുണ്ട്. മദ്യപാനത്തിനെതിരായ നിലപാട് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കടന്നുവന്ന പടവുകളില്‍പ്പെട്ടതാണെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

മയക്കുമരുന്ന്, സ്വര്‍ണക്കടത്തുകളില്‍ സി.പി.എമ്മുമായി ബന്ധമുള്ള ചിലര്‍ക്ക് പങ്കുണ്ടല്ലോ എന്ന ചോദ്യത്തിന് അതെല്ലാം ശക്തിയായ ഇടപെടലിലൂടെ അവസാനിപ്പിച്ചിട്ടുണ്ടെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. മുതലാളിത്ത സമൂഹത്തിലാണ് ജീവിതം. പണം സ്വരൂപിക്കുക എന്ന ആര്‍ത്തി മനുഷ്യന് ഈ പശ്ചാത്തലത്തിലുണ്ട്. തെറ്റായ പ്രവണതകളൊക്കെ അരിച്ചരിച്ച് കയറാനുള്ള സാഹചര്യമുണ്ട്. തെറ്റായ പ്രവണതകളെ പ്രതിരോധിച്ചു കൊണ്ടുമാത്രമേ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവൂ. ഒരു ദിവസവും രണ്ടു ദിവസവുമൊന്നുമല്ല എല്ലാക്കാലത്തും വേണം. റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇടപെടുന്നവര്‍ക്കും തെറ്റായ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കും പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കാറില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഒരു സ്ഥാനത്ത് എത്തുമെന്നും തീരുമാനിച്ചിട്ടില്ല. എവിടെയെത്തുമെന്ന് മുന്‍കൂട്ടി തീരുമാനിച്ച് പോകുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് അപകടമാണ്. അങ്ങനെ ഏത് കേഡര്‍ പുറപ്പെട്ടാലും ശരിയായ ദിശയിലേക്കല്ല എത്തുക. അങ്ങനെ ധരിച്ചുപോയവരെല്ലാം അപകടത്തിലെത്തിയിട്ടെയുള്ളൂവെന്നും എം.വി ഗോവിന്ദന്‍ വിശദീകരിച്ചു.

അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എം.വി രാഘവന്‍ പാര്‍ട്ടി വിട്ടപ്പോള്‍ വിഷമം തോന്നിയോ എന്ന ചോദ്യത്തിന് മറുപടിയിങ്ങനെ- "പാര്‍ട്ടിക്കകത്തു നിന്ന് ഉള്‍പാര്‍ട്ടി ആശയ സംവാദം നടത്താന്‍ അവകാശമുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് വെളിയില്‍ പോയിട്ട് ഉള്‍പാര്‍ട്ടി സമരം നടത്താനാവില്ല. എം.വി രാഘവന്‍ പാര്‍ട്ടിക്ക് വെളിയിലേക്ക് പോയി. അതില്‍ മനപ്രയാസത്തിന്‍റെ വിഷയമില്ല. രാഷ്ട്രീയമാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സി.പി.എം എന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഉപകരണമാണ് ഞങ്ങളെല്ലാം. പാര്‍ട്ടിയോടൊപ്പം മാത്രമേ നില്‍ക്കൂ എന്ന് ഞാന്‍ തീരുമാനിച്ചു. എം.വി രാഘവന്‍ എന്നെ കാണണമെന്ന് പറഞ്ഞു വിളിപ്പിച്ചു. ഈ പാര്‍ട്ടിയില്‍ നിന്ന് മാറുന്ന കാര്യം ആലോചിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. തന്‍റെ കൂടെ വരുന്നില്ലെങ്കില്‍ അവിടെത്തന്നെ സജീവമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു".

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News