'ഭീമമായ പണം നൽകി 5595 യുവതികളെ ഭീകരസംഘടനകൾ കൊണ്ടുപോയെന്ന് വിജിലൻസ് കണ്ടെത്തി'; ലവ് ജിഹാദിൽ വിവാദ പരാമർശങ്ങളുമായി ഇടുക്കി രൂപത
സുവിശേഷ മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ ബുക്ക്‌ലെറ്റിലാണ് ലവ് ജിഹാദിനെക്കുറിച്ചുള്ള സംഘ്പരിവാർ പ്രചാരണങ്ങൾ അതേരീതിയിൽ ആവർത്തിക്കുന്നത്.
ഇടുക്കി: പൊലീസും കേന്ദ്ര അന്വേഷണ ഏജൻസികളും തള്ളിക്കളഞ്ഞ ലവ് ജിഹാദിനെ ന്യായീകരിച്ച് സിറോ മലബാർ സഭയുടെ ഇടുക്കി രൂപത. സുവിശേഷ മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ ബുക്ക്‌ലെറ്റിലാണ് ലവ് ജിഹാദിനെക്കുറിച്ചുള്ള സംഘ്പരിവാർ പ്രചാരണങ്ങൾ അതേരീതിയിൽ ആവർത്തിക്കുന്നത്. വിശ്വാസ പരിശീലന പരിപാടിയോട് അനുബന്ധിച്ച് 10 മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കായി പ്രസിദ്ധീകരിച്ച ബുക്ക്‌ലെറ്റിലാണ് കുറിപ്പുള്ളത്.
ചില തീവ്രവാദ ഗ്രൂപ്പുകളുടെ പ്രത്യേക ശൃംഖലയാണ് ലവ് ജിഹാദ്. പണവും സ്‌നേഹവും സമ്മാനങ്ങളും നൽകി പ്രലോഭിപ്പിച്ച് ഇതര മതസ്ഥരായ പെൺകുട്ടികളെ വശീകരിച്ച് ഇക്കൂട്ടർ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് കുറ്റാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ടെന്ന് കുറിപ്പിൽ പറയുന്നു.
2010ൽ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിർദേശപ്രകാരം ഡി.ജി.പി ജേക്കബ് പുന്നൂസ് നടത്തിയ അന്വേഷണത്തിൽ സാധാരണക്കാരായ ഇസ്‌ലാം മത വിശ്വാസികൾക്ക് ലവ് ജിഹാദ് എന്ന സംഘടിത നീക്കമില്ലെന്ന് കണ്ടെത്തി. എന്നാൽ ലവ് ജിഹാദ് ഇസ്‌ലാമത വിശ്വാസികളെപ്പോലും ഭീതിയിലാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന ഒരു തീവ്രവാദി സമൂഹമാണ്. 2008 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ വിവാഹത്തിന്റെ പേരിൽ 7795 മതപരിവർത്തനങ്ങൾ നടന്നതായി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി നിയമസഭയിൽ അറിയിച്ചിട്ടുണ്ട്. 2016ൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 5595 യുവതികളെ ഭീകരസംഘടനകൾ ഭീമമായ തുക നൽകി അവരുടെ സംഘടനയിലേക്ക് ജീവിത പങ്കാളികളായി കൊണ്ടുപോയെന്ന് കണ്ടെത്തി തുടങ്ങിയ പൂർണമായും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് കുറിപ്പിലുള്ളത്. സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ വിജിലൻസ് കേരളത്തിൽ ഇന്നുവരെ ലവ് ജിഹാദിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന സത്യം മറച്ചുവെച്ചാണ് കുറിപ്പിൽ ഈ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
വിശ്വാസോത്സവത്തിന്റെ ഭാഗമായി 'ദ കേരള സ്‌റ്റോറി' സിനിമയും പ്രദർശിപ്പിച്ചിരുന്നു. ഏപ്രിൽ നാലിനായിരുന്നു സിനിമയുടെ പ്രദർശനം. ബോധവത്ക്കണത്തിന്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചത് എന്നാണ് രൂപതയുടെ വിശദീകരണം.