ഇടുക്കി ശാന്തൻപാറ കൊലപാതകം: ഒളിവിൽ പോയ പ്രതി പിടിയിൽ
ഞായറാഴ്ച രാത്രി മദ്യപിച്ചതിനു ശേഷം ഇരുവരും പണിക്കൂലി വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിലായി. തുടർന്നുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇടുക്കി ശാന്തൻപാറ ചൂണ്ടലിൽ ഒപ്പം താമസിച്ച യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. അണക്കര എട്ടാം മൈൽ സ്വദേശി പ്രകാശിനെയാണ് ശാന്തൻപാറ പൊലീസ് തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെയാണ് ചൂണ്ടലിലെ അടഞ്ഞു കിടന്ന വീട്ടിൽ നിന്ന് എട്ടാംമൈൽ സ്വദേശിയും പ്രതിയായ പ്രകാശിന്‍റെ സുഹൃത്തുമായ മണിയുടെ മൃതദേഹം കണ്ടെത്തിയത്. ചൂണ്ടലിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്കെത്തിയ ഇവർ ഇരുവരും മൂന്ന് മാസമായി ഇവിടെ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ചതിനു ശേഷം ഇരുവരും പണിക്കൂലി വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിലായി. തുടർന്നുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചത്. തടികഷ്ണം കൊണ്ടുള്ള അടിയേറ്റ് മണിയുടെ തലയ്ക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫോൺ ഉപയോഗിക്കാത്ത പ്രതി ഒളിവിൽ പോകാൻ സാധ്യതയുള്ള തമിഴ്നാട്ടിലെ ബന്ധുവീടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗൂഡല്ലൂരിൽ നിന്നും പൊലീസ് സംഘം പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.