'വിശദാംശങ്ങൾ അറിഞ്ഞില്ല'; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹരജി ഐ.ജി ലക്ഷ്മൺ പിൻവലിച്ചേക്കും

ഹരജി അഭിഭാഷകൻ തയ്യാറാക്കി നൽകിയതാണെന്നാണ് പ്രതികരണം.

Update: 2023-07-31 06:53 GMT
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹരജി ഐ.ജി ലക്ഷ്മൺ പിൻവലിച്ചേക്കും. ഹരജി അഭിഭാഷകൻ തയ്യാറാക്കി നൽകിയതാണെന്ന് ലക്ഷ്മണിന്റെ അടുത്ത വ്യത്തങ്ങൾ വ്യക്തമാക്കുന്നു. ചികിത്സയിലായതിനാൽ വിശദാംശങ്ങൾ അറിഞ്ഞില്ലെന്നും വിശദീകരണം. സസ്പെൻഷൻ അടക്കമുള്ള കടുത്ത നടപടികൾ സർക്കാർ ആലോചിക്കുന്നതിനിടെയാണ് ഹരജി പിൻവലിക്കാനുള്ള നീക്കം. അതേസമയം മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ഐ.ജി ലക്ഷ്മൺ ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകില്ല.  

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കുന്ന അദൃശ്യകരം പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണമുയര്‍ത്തിയാണ് മോന്‍സണ്‍ മാവുങ്കല്‍ കേസിലെ പ്രതി കൂടിയായ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ്‍ ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള അസാധാരണ ഭരണഘടനാ അതോറിറ്റി സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ഇടനിലക്കാരനാവുകയും മധ്യസ്ഥം വഹിക്കുകയും ചെയ്യുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി വിവിധ ആര്‍ബിട്രേറ്റര്‍മാര്‍ക്ക് കൈമാറിയ തര്‍ക്ക വിഷയങ്ങള്‍ പോലും ഈ അധികാര കേന്ദ്രം ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയിട്ടുണ്ടെന്നും ആരോപണമുണ്ട്.

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ നിന്ന് തലയൂരാനുള്ള പ്രതിയുടെ ശ്രമത്തിനപ്പുറം ഗുരുതരമാണ് ലക്ഷ്മണ്‍ ഉന്നയിച്ച ആരോപണങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇത് കടുത്ത സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഐ.ജി ലക്ഷ്മണിന് ബി.ജെ.പി പിന്തുണയുണ്ടോ എന്ന സംശയവും സര്‍ക്കാരിലെ ചില ഉന്നതര്‍ക്കുണ്ട്. കേന്ദ്രത്തിന്‍റെ പിന്തുണ കിട്ടും എന്ന വിശ്വാസത്തിലാണ് ലക്ഷ്മണ്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സര്‍ക്കാര്‍ സംശയിക്കുന്നു.

ജാമ്യം കൊടുക്കണമെന്ന കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ലക്ഷ്മണിനെ വിട്ടയച്ചിരുന്നു. മോന്‍സണ്‍ കേസ് ആദ്യം വന്നപ്പോള്‍ ലക്ഷ്മണിനെ സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നില്ല. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയായിരുന്നു ലക്ഷ്മണിനെയും പ്രതിയാക്കിയത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News