സർവീസ് ചട്ടലംഘനം; കെ. ഗോപാലകൃഷ്ണനും എന്‍. പ്രശാന്തിനും എതിരായ നടപടിയില്‍ ഉടന്‍ തീരുമാനം

ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു

Update: 2024-11-11 08:11 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: സർവീസ് ചട്ടലംഘനം നടത്തിയ രണ്ട് യുവ ഐഎഎസ് ഓഫീസർമാർക്കെതിരായ സർക്കാർ നടപടി ഉടന്‍ ഉണ്ടായേക്കും. കെ. ഗോപാലകൃഷ്ണൻ, എൻ. പ്രശാന്ത് എന്നിവർക്കെതിരായ നടപടിയുടെ കാര്യത്തിൽ മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയ ശേഷം തീരുമാനമെടുക്കും. ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. അധിക്ഷേപ പോസ്റ്റുമായി എൻ.പ്രശാന്ത് ഇന്നും രംഗത്തുവന്നു.

ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്തെ ചേരിപ്പോര് സമീപകാലത്ത് ഒന്നും ഉണ്ടാകാത്ത തരത്തിലാണ് ഇപ്പോൾ നടക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ വിമർശനങ്ങൾ ഉയർത്തുന്ന എൻ. പ്രശാന്തിനെതിരായ നടപടി വേഗത്തിൽ വേണമെന്ന അഭിപ്രായം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ വിമർശനം തുടരുന്ന പ്രശാന്തിനെതിരെ വിശദീകരണം തേടാതെ തന്നെ നടപടിയെടുക്കാം എന്ന റിപ്പോർട്ട് ഇന്നലെ തന്നെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു.

പരസ്യ വിമർശനങ്ങള്‍ നടത്തുന്നതില്‍‌ സർക്കാരിൽ നിന്ന് എതിർപ്പ് തുടർന്നിട്ടും പ്രശാന്ത് അത് അവസാനിപ്പിക്കുന്നില്ല. കർഷകനാണ് കളപറിക്കാന്‍ ഇറങ്ങിയതാണെന്ന ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശാന്ത് ലക്ഷ്യം വെക്കുന്നത് എ. ജയതിലക് ഐഎഎസിനെ തന്നെയാണ് . ഫലഭൂയുഷ്ടിമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂർണമായും നശിപ്പിക്കാൻ കഴിയുന്ന കൃഷിവകുപ്പിന്‍റെ യന്ത്രത്തിന്‍റെ ഫോട്ടോ വച്ചാണ് ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റ്. കളകളെ ഭയപ്പെടേണ്ടതില്ല എന്നു പറയുന്ന വാചകം ജയതിലകിനെ ഉദ്ദേശിച്ചാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രവർത്തിക്കുന്നത് ഏതു ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ വ്യക്തമാക്കി. താന്‍ ആരാണെന്ന് ചോദിച്ച പ്രശാന്തിന് മറുപടിയില്ലെന്ന് പറഞ്ഞ മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ,സത്യസന്ധത ഇല്ലാത്ത ഉദ്യോഗസ്ഥനാണ് പ്രശാന്ത് എന്നും ആരോപിച്ചു.

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ നടപടിയെടുക്കാം എന്ന റിപ്പോർട്ടും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.  ഇതിലും മുഖ്യമന്ത്രി തലസ്ഥാനത്ത് തിരികെ എത്തിയശേഷം നടപടി ഉണ്ടാകുമെന്നാണ് വിവരം. ഐഎഎസ് ഉദ്യോഗസ്ഥർ പരസ്യമായ ചേരിപ്പോരിൽ ഏർപ്പെടുന്നതിൽ സിപിഎം നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. 


Full View


Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News