ധോണിയിൽ ജനവാസമേഖലയിലിറങ്ങുന്ന പിടി 7നെ പാർപ്പിക്കാൻ കൂട് നിർമാണം ആരംഭിച്ചു
കൂട് നിർമ്മാണം പൂർത്തിയായാൽ ആനയെ മയക്ക് വെടിവെക്കുന്ന നടപടികളിലേക്ക് കടക്കും
പാലക്കാട്: പാലക്കാട് ധോണിയിൽ ജനവാസ മേഖലയിലിറങ്ങുന്ന P. T. സെവൻ ആനയെ പാർപ്പിക്കുന്നതിനുള്ള കൂട് നിർമ്മാണം ആരംഭിച്ചു. ധോണി ഫോറസ്റ്റ് സെക്ഷൻ ഓഫീസിനോട് ചേർന്നാണ് കൂട് നിർമ്മാണം പുരോഗമിക്കുന്നത്. കൂട് നിർമ്മാണം പൂർത്തിയായാൽ ആനയെ മയക്ക് വെടിവെക്കുന്ന നടപടികളിലേക്ക് കടക്കും.
പി.ടി സെവനെ മയക്ക് വെടി വെച്ചാൽ ഉടൻ കൂട്ടിൽ കയറ്റണം. 15 അടി നീളവും , 15 അടി വീതിയും , 18 അടി ഉയരവും ഉള്ള കൂടാണ് നിർമ്മിച്ച് കൊണ്ടിരിക്കുന്നത്. ജെ.സി.ബിയും, ക്രൈയിനും ഉപയോഗിച്ചാണ് കൂടിനുള്ള തൂണുകൾ സ്ഥാപിക്കുന്നത്. ആനയുടെ ശരീരത്തിൽ പരിക്കേൽക്കാതിരിക്ക നായി യൂക്കാലി മരങ്ങൾ ഉപയോഗിച്ചാണ് കൂട് നിർമാണം.
നേരത്തെ പി.ടി സെവനായി വയനാട്ടിൽ കൂട് നിർമ്മിച്ചിട്ടുണ്ടെങ്കിലും അക്രമകാരിയായ ആനയെ പാലക്കാട് നിന്നും വയനാട് വരെ സുരക്ഷിതമായി എത്തിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് ധോണിയിൽ തന്നെ കൂട് നിർമ്മിക്കാൻ തീരുമാനിച്ചത്. പിടികൂടുന്ന കാട്ടനയെ ഈ കൂട്ടിലിട്ടാണ് ചട്ടം പഠിപ്പിക്കുക. രണ്ട് ദിവസത്തിനകം കൂട് നിർമ്മാണം പൂർത്തിയാകും. അടുത്ത ആഴ്ച്ച തന്നെ പി.ടി സെവനെ പിടികൂടാൻ കഴിയുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ