കണ്ണൂരിൽ സി.പി.എം നിയന്ത്രണത്തിലുളള ചെറുകുന്ന് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പ്

ബാങ്ക് ജീവനക്കാരനായ സി.പി.എം ലോക്കൽ കമ്മറ്റി അംഗം ജെ മുത്തുകുമാറാണ് തട്ടിപ്പിന് പിന്നിൽ

Update: 2023-07-21 02:58 GMT
Advertising

കണ്ണൂർ: കണ്ണൂരിൽ സി.പി.എം നിയന്ത്രണത്തിലുളള ചെറുകുന്ന് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പ്. ബാങ്ക് ജീവനക്കാരനായ സി.പി.എം ലോക്കൽ കമ്മറ്റി അംഗം ജെ മുത്തുകുമാറാണ് തട്ടിപ്പിന് പിന്നിൽ. ആരോപണ വിധേയനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. എന്നാൽ ബാങ്ക് ഭരണ സമിതി പൊലീസിൽ പരാതി നൽകിയിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.

ബാങ്കിലെ ഒൻപത് അംഗങ്ങളുടെ പേരിൽ രണ്ട് ലക്ഷം രൂപ വീതം വായ്പയെടുത്ത് തിരിമറി നടത്തിയെന്നാണ് മുത്തുകുമാറിനെതിരെയുള്ള പരാതി. നാല് വർഷം മുൻപാണ് സ്ത്രീകൾ അടക്കമുളള അംഗങ്ങളുടെ പേരിൽ മുത്തുകുമാർ 18 ലക്ഷം രൂപ വായ്പയെടുത്തത്. അതേ ശാഖയിൽ ജോലി ചെയതിരുന്ന ഇയാൾ വായപയെടുത്തവരുടെ പേരിൽ നോട്ടീസ് നൽകുന്നത് തടഞ്ഞിരുന്നു.

എന്നാൽ ബാങ്കിന്റെ മറ്റൊരു ശാഖയിലേക്ക് ഇയാൾ സ്ഥലം മാറി പോയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ അംഗങ്ങൾ പാർട്ടിക്ക് പരാതി നൽകി. ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം ലോക്കൽ കമ്മറ്റി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടന്ന് തെളിഞ്ഞു.

തുടർന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ നേരിട്ട് പങ്കെടുത്ത യോഗത്തിലാണ് മുത്തുകുമാറിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യാനുളള തീരുമാനമെടുത്തത്. സംഭവത്തിൽ സഹകരണ വകുപ്പ് അന്വേഷണം നടത്തുന്നുണ്ടന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. എന്നാൽ ക്രമക്കേടിന് പിന്നിൽ ഒരാൾ മാത്രമല്ലന്നും പാർട്ടി പ്രദേശിക നേതൃത്വത്തിനും തട്ടിപ്പിൽ പങ്കുണ്ടന്നുമാണ് ആക്ഷേപം.

ഇതിനിടെ ബാങ്ക് കേന്ദ്രീകരിച്ച് സമാനമായ നിരവധി തട്ടിപ്പുകൾ നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ് ജില്ലാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ മുഴുവൻ തുകയും ആരോപണ വിധേയൻ തിരിച്ചടക്കണമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിർദ്ദേശം. എന്നാൽ സംഭവത്തിൽ സമഗ്ര ആന്വേഷണം ആവശ്യപ്പെട്ട് പൊലീസിലും സഹകരണ വകുപ്പിലും പരാതി നൽകുമെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News