തൃശൂരിൽ എട്ടടി താഴ്ചയുള്ള കാനയിലേക്ക് വീണ് സ്ത്രീക്ക് പരിക്ക്
സ്ത്രീ വീഴുന്നത് കണ്ട നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തി മുകളിലേക്ക് കയറ്റിയത്
തൃശൂർ: വടക്കാഞ്ചേരിയിൽ എട്ടടി താഴ്ചയുള്ള കാനയിലേക്ക് വീണ് സ്ത്രീക്ക് പരിക്ക്. മുണ്ടത്തിക്കോട് സ്വദേശി ഗീതയ്ക്കാണ് പരിക്കേറ്റത്. ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിനും തലക്കും പരിക്കേറ്റ ഗീത കിടപ്പിലാണ്. ഹൃദ്രോഗിയായ ഭർത്താവിന് മരുന്ന് വാങ്ങാൻ പോയ സമയത്താണ് ഗീതക്ക് അപകടം സംഭവിക്കുന്നത്.
വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് സംഭവം. ഫുട്പാത്തിന്റെ അശാസ്ത്രീയ നിർമാണം മൂലം ഉയർന്നു നിൽക്കുന്ന സ്ലാബിൽ തട്ടി തെറിച്ച് കാനയിലേക്ക് വീഴുകയായിരുന്നു. സ്ത്രീ വീഴുന്നത് കണ്ട നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തി മുകളിലേക്ക് കയറ്റിയത്. പിന്നീട് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ തട്ടു തട്ടയാണ് ഫുട്പാത്ത് നിർമിചിരിക്കുന്നത്. ഫുട്പാത്ത് വന്നു ചേരുന്ന എട്ടടി താഴ്ച്ചയുള്ള കാനക്ക് കൈവരിയുമില്ല. സിവിൽ സ്റ്റേഷൻ, കോടതി, സ്കൂൾ എന്നിങ്ങനെ നിരവധി ആളുകൾ വന്നു പോകുന്ന പ്രദേശത്ത് അശാസ്ത്രീയ നിർമാണം കൊണ്ടുള്ള അപകടം നിത്യ സംഭവമാണ്. എന്നിട്ടും അധികാരികൾ കണ്ണടച്ചിരിക്കുയാണ്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.