മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം; ആശുപത്രിയുടെ പരാതിയിൽ അന്വേഷണം ഇന്നാരംഭിക്കും
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉടൻ പൊലീസിന് കൈമാറും
തിരുവനന്തപുരം: വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിച്ചതിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം ഇന്നാരംഭിക്കും. കൂടുതൽ രാസപരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉടൻ പൊലീസിന് കൈമാറും. ഡോക്ടർമാരുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ച് കെ.ജി.എം.സി.ടി.എ ഇന്ന് പ്രതിഷേധയോഗം ചേരും.
വൃക്ക അടങ്ങിയ പെട്ടി അനുവാദമില്ലാതെ എടുത്തു കൊണ്ട് പോയെന്നാണ് മെഡിക്കൽ കോളജ് അധികൃതർ പൊലീസിന് നൽകിയ പരാതി. വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അപമാനമുണ്ടാക്കിയതായും പരാതിയിൽ പറയുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗിക്കായി എത്തിച്ച വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്ച നേരത്തെ ആംബുലൻസ് സഹായി അരുൺദേവ് വ്യക്തമാക്കിയിരുന്നു. കൊച്ചിയിൽ നിന്നും വൃക്കയുമായി ആംബുലൻസെത്തുമ്പോൾ സെക്യൂരിറ്റി പോലും വിവരമറിഞ്ഞിരുന്നില്ലെന്നും, ഇതിനാലാണ് വൃക്കയടങ്ങിയ പെട്ടി എടുത്തതെന്നുമാണ് അരുൺദേവ് മാധ്യമങ്ങളോട് പറഞ്ഞത്. കേസിൽ സമഗ്രമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ശസ്ത്രക്രിയ നടക്കുന്ന സമയത്ത് സീനിയർ സർജൻമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
യുറോളജി , നെഫ്രോളജി മേധാവികൾ പകരം ഡോക്ടർമാരെ നിയോഗിച്ചിരുന്നില്ല. വൃക്ക എത്തി രണ്ടര മണിക്കൂറിന് ശേഷമാണ് സർജൻമാരെ വിളിച്ചുവരുത്തിയതെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വകുപ്പ് മേധാവികളെ സസ്‌പെൻഡ് ചെയ്തത്.എന്നാൽ ഡോക്ടർമാർക്ക് പിഴവുണ്ടായിട്ടില്ലെന്ന് കെ.ജി.എം.സി.ടി.എ ആവർത്തിക്കുന്നു.. സസ്‌പെൻഷനിൽ പ്രതിഷേധിച്ച് ഇന്ന് കെ.ജി.എം.സി.ടി.എ പ്രതിഷേധ ധർണ നടത്തും.