'സ്പീഡ് ഗവേർണർ വിച്ഛേദിച്ചു, ജി.പി.എസ് ഇല്ല'; കോന്നിയിൽ അപകടത്തിൽപെട്ട കെ.എസ്.ആർടി.സി ബസിൽ പരിശോധന
ബസിന് മറ്റ് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്
പത്തനംതിട്ട: കോന്നിയിൽ അപകടത്തിൽപെട്ട കെ.എസ്.ആർടി.സി ബസിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. സ്പീഡ് ഗവേർണർ വയറുകൾ വിച്ഛേദിച്ചിട്ടുണ്ടെന്നും ബസിൽ ജി.പി.എസ് സംവിധാനം ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ബസിന് മറ്റ് സാങ്കേതിക തകരാറുകൾ ഇല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഉച്ചക്ക് 1.49നാണ് പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസും എതിർ ദിശയില് നിന്നും വന്ന കാറും തമ്മില് കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ബസ് സമീപത്തെ സെന്റ് പീറ്റേർസ് ഓർത്തഡോക്‌സ് പള്ളിയുടെ ഗോപുരത്തിലിടിച്ച് തകർന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവാഹനങ്ങളിലെയും ഡ്രൈവർമാരടക്കമുള്ള 18 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിന്റെ അമിതവേഗമാണ് അപകടത്തിനടയാക്കിയതെങ്കിലും എതിർ ദിശയിൽ നിന്ന് വന്ന കാറും വേഗതയിലായിരുന്നു.
ദൃക്‌സാക്ഷികളും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവർ അജയകുമാറിനെയും കാർ ഡ്രൈവർ ജൊഹാരൻ ചൗധരിയെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബസ് യാത്രികയായ കോന്നി മങ്ങാരം സ്വദേശി ശൈലജയടക്കം പരിക്കേറ്റ മറ്റ് 18 പേരെ പത്തനംതിട്ടയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.