ദത്ത് കേസില്‍ കോടതി വിധി; കുഞ്ഞിനെ അമ്മക്ക് കൈമാറി
ഒരുവർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അമ്മ അനുപമക്ക് കുഞ്ഞിനെ തിരിച്ചുകിട്ടുന്നത്
ദത്ത് കേസില്‍ കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കുടുംബകോടതിയുടെ ഇടക്കാല ഉത്തരവ്. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയാണ് കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ ഉത്തരവിട്ടത്. ഉത്തരവിനെത്തുടര്‍ന്ന് കുഞ്ഞിനെ അനുപമക്ക് കൈമാറി. ഒരുവർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അമ്മ അനുപമക്ക് തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടുന്നത്. കുഞ്ഞിന്‍റെ ഡി.എന്‍.എ പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്‍റെ യഥാര്‍ത്ഥ അമ്മ അനുപമയാണ് എന്ന് കോടതിക്ക് ബോധ്യമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുടുംബകോടതിയുടെ ഉത്തരവ്. വഞ്ചിയൂര്‍ കുടുംബകോടതി ജഡ്ജ് ബിജുമേനോനാണ് നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കുഞ്ഞിന്റെ ദത്ത് നടപടി നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹരജി നല്‍കാന്‍ അനുപമയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. യഥാര്‍ഥ അമ്മയെ കണ്ടത്തിയെന്ന് അറിയിച്ച സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനെ തുടര്‍ന്ന് അനുപമയും ഭര്‍ത്താവ് അജിത്തും കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
ഇന്ന് മൂന്ന് മണിയോടെ അനുപമയുടെ കുഞ്ഞിനെയും വഞ്ചിയൂര്‍ കുടുംബകോടതിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടറെ എത്തിച്ച് വൈദ്യപരിശോധനകള്‍ നടത്തിയതിന് ശേഷം കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ആന്ധ്രയിലെ ദമ്പതിമാരുടെ കയ്യില്‍ നിന്ന് തിങ്കളാഴ്ച കേരളത്തിലേക്ക് കൊണ്ടുവന്ന കുഞ്ഞിനെ നിര്‍മല ശിശുഭവനിലായിരുന്നു സംരക്ഷിച്ചിരുന്നത്.
കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യു.സിക്കും വീഴ്ച സംഭവിച്ചതായി വകുപ്പ് തല അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വനിതാ ശിശുക്ഷേമ വികസന ഡയറക്ടർ ടി.വി അനുപമയുടേതാണ് റിപ്പോർട്ട്.
ദത്ത് തടയാൻ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയി, ശിശുക്ഷേമ സമിതി രജിസ്റ്ററിൽ ഒരു ഭാഗം മായ്ച്ചുകളഞ്ഞിട്ടുണ്ട് തുടങ്ങി ദത്ത് നടപടികളിൽ ക്രമക്കേട് നടന്നെന്ന അനുപമയുടെ വാദങ്ങൾ ശരിവെക്കുന്നതാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.