വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറണ്ട് യു.എ.ഇ പൊലീസിന് ഇന്‍റര്‍പോള്‍ കൈമാറി
ദുബൈയില്‍ എവിടെയാണ് വിജയ് ബാബു ഉള്ളതെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ യു.എ.ഇ പൊലീസിന് അറസ്റ്റ് വാറണ്ട് കൈമാറി. ഇന്‍റര്‍പോള്‍ ആണ് വാറണ്ട് കൈമാറിയത്. പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് നടപടി.
കൊച്ചി സിറ്റി പൊലീസ് നല്‍കിയ അപേക്ഷയില്‍ ആണ് നടപടി. നടന്‍ ദുബൈയിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വിജയ് ബാബുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവാണ് ഇന്‍റര്‍പോള്‍ വഴി യു.എ.ഇ പൊലീസിന് കൈമാറിയത്.
അതെ സമയം ദുബൈയില്‍ എവിടെയാണ് വിജയ് ബാബു ഉള്ളതെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. ഒളിത്താവളം എവിടെയെന്ന് യു.എ.ഇ പൊലീസ് അറിയിക്കുന്നതിനനുസരിച്ചായിരിക്കും തുടര്‍നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പല തവണ പൊലീസ് വിജയ് ബാബുവിന് നോട്ടീസ് അയച്ചിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.
ഈ മാസം 19ന് ശേഷമേ ചോദ്യം ചെയ്യലിന് ഹാജരാകാനാകൂ എന്നായിരുന്നു വിജയ് ബാബുവിന്‍റെ നിലപാട്. ഇത് തള്ളിയ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങുകയായിരുന്നു. നേരത്തെ വിജയ് ബാബുവിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ പൊലീസ് പുറത്തിറക്കിയിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ വിജയ് ബാബുവിനെതിരെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും.
Interpol has issued an arrest warrant against Vijay Babu to the UAE police