തളിപ്പറമ്പില്‍ ലീഗിനുളളിലുണ്ടായ വിഭാഗീയത പരിഹരിക്കാന്‍ നേതൃത്വം നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടില്ല
വിമത വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ പുതിയ ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി ഓഫീസും പ്രവർത്തനം ആരംഭിച്ചു
കണ്ണൂര്‍ തളിപ്പറമ്പില്‍ ലീഗിനുളളിലുണ്ടായ വിഭാഗീയത പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം നടത്തിയ ഇടപെടലുകളും ഫലം കണ്ടില്ല. സമാന്തര കമ്മറ്റിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് വിമതർ. വിമത വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ പുതിയ ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി ഓഫീസും പ്രവർത്തനം ആരംഭിച്ചു.
തളിപ്പറമ്പിലെ വിഭാഗീയത പരിഹരിക്കാന്‍ പാറക്കല്‍ അബ്ദുളളയും കെ.എം ഷാജിയും അടങ്ങുന്ന രണ്ടംഗ സമിതിയെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയിരുന്നു.ഇരു വിഭാഗങ്ങളുമായി ഇവര്‍ രണ്ടു വട്ടം ചര്‍ച്ച നടത്തിയെങ്കിലും അനുനയ നീക്കങ്ങള്‍ ഫലം കണ്ടില്ല. പിന്നാലെ ഇരു വിഭാഗങ്ങളിലും പെട്ട ചില നേതാക്കളെ നേതൃത്വം സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സമാന്തര കമ്മറ്റിയുടെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് വിമത വിഭാഗം. ഇതിന്‍റെ ഭാഗമായി വിമത വിഭാഗം തളിപ്പറമ്പില്‍ സമാന്തര മുന്‍സിപ്പല്‍ കമ്മറ്റി ഓഫീസ് തുറന്നു. പാണക്കാട് സയ്യിദ് നൌഫല്‍ അലി ശിഹാബ് തങ്ങളാണ് സമാന്തര ഓഫീസിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വഖഫ് അടക്കം തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാതെ പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്. അണികളുടെ കൊഴിഞ്ഞുപോക്ക് തടയുകയാണ് സമാന്തര കമ്മറ്റിയുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. ഇതിനിടെ തളിപ്പറമ്പിന് പിന്നാലെ ജില്ലയുടെ മറ്റിടങ്ങളിലും ലീഗിനുളളില്‍ വിഭാഗീയത തല പൊക്കിയതും നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.