ശിരോവസ്ത്ര നിയമത്തിലും മാറ്റത്തിന് സാധ്യത; അനുനയ നീക്കം വിജയിക്കുമെന്ന പ്രതീക്ഷയിൽ ഇറാൻ
ഇറാൻ നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മുസന്തരി ഇന്നലെ അറിയിച്ചിരുന്നു
ടെഹ്റാൻ: മതകാര്യ പൊലീസ് സംവിധാനം ഒഴിവാക്കിയും ശിരോവസ്ത്ര നിയമത്തിൽ മാറ്റം വരുത്തിയും പ്രക്ഷോഭകാരികളെ അനുനയിക്കാനുള്ള നീക്കം വിജയം കാണുമെന്ന പ്രതീക്ഷയിൽ ഇറാൻ സർക്കാർ. മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് രൂപപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭം രണ്ടു മാസത്തിലേറെയായി തുടരുന്ന സാഹചര്യത്തിലാണ് വിട്ടുവീഴ്ചയുടെ വഴി സ്വീകരിക്കാനുള്ള സർക്കാർ നീക്കം. അതേസമയം, ഇറാൻ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടാനുള്ള പുറം രാജ്യങ്ങളുടെ നീക്കം ഒരുനിലക്കും അനുവദിക്കില്ലെന്നും ഇറാൻ നേതൃത്വം മുന്നറിയിപ്പ് നൽകി.
ഇറാൻ നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മുസന്തരി ഇന്നലെ അറിയിച്ചിരുന്നു. ശിരോവസ്ത്ര നിയമത്തിൽ മാറ്റം വരുത്തുന്ന കാര്യം പാർലമെൻറും മതനേതൃത്വവും ചർച്ച ചെയ്തു വരികയാണെന്ന് ഇറാൻ പബ്ലിക് പ്രോസിക്യൂട്ടറും വെളിപ്പെടുത്തിയ സാഹചര്യത്തിൽ പ്രക്ഷോഭകാരികൾ പിൻവാങ്ങുമെന്നാണ് വിലയിരുത്തൽ. നടപടി സ്വാഗതം ചെയ്‌തെങ്കിലും പ്രക്ഷോഭം അവസാനിപ്പിക്കുന്നതു സംബന്ധിച്ച സൂചനയൊന്നും നേതാക്കൾ നൽകിയിട്ടില്ല. ചില ഇറാൻ സർവകലാശാലകളിൽ ഇന്നലെയും സർക്കാർവിരുദ്ധ പ്രതിഷേധം നടന്നു. അനുനയ നിലപാടുമായി സർക്കാർ രംഗത്തു വന്നെങ്കിലും പ്രക്ഷോഭത്തിന്റെ മറവിൽ ആഭ്യന്തര സുരക്ഷ തർക്കാർ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചില വിദേശ ശക്തികൾ സന്ദർഭം മുതലെടുക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ആഭ്യന്തര പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഇറാൻ പ്രാപ്തമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഹിജാബ് വേണ്ട രീതിയിൽ ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുത്ത കുർദ് യുവതി ഇരുപത്തി രണ്ടുകാരി മഹ്‌സ അമിനി കഴിഞ്ഞസെപ്റ്റംബർ 16ന് മരിച്ചതാണ് പ്രക്ഷോഭത്തിന് വഴിയൊരുക്കിയത് പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് ഭരണകൂടം പലവുരു ആവശ്യപ്പെട്ടെങ്കിലും വിജയിച്ചില്ല.