'ഡി.വൈ.എഫ്.ഐ എന്താ മുഖ്യമന്ത്രിയുടെ ക്വട്ടേഷൻ സംഘമാണോ?: ഷാഫി പറമ്പില്‍
'ജനങ്ങൾക്ക് ഗുണമില്ലാത്തതുകൊണ്ടും ജനങ്ങൾ അംഗീകരിക്കാത്തതും കൊണ്ടുമാണ് ഞങ്ങൾ നവകേരള സദസ്സിന് എതിര് നിന്നത്'
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന്‍റെ ക്വട്ടേഷൻ സംഘമാണോയെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. 'ഡി.വൈ.എഫ്.ഐ ചെയ്ത കാര്യങ്ങളെല്ലാം പരസ്യമായി നാട്ടുകാർ കണ്ടതാണ്. എന്നിട്ട് മുഖ്യമന്ത്രി അതിനെ പരസ്യമായി ന്യായീകരിക്കുകയാണ്. ഡി.വൈ.എഫ്.ഐ എന്താ മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന്‍റെ ക്വട്ടേഷൻ സംഘമാണോ. അതിനപ്പുറത്തേക്ക് യുവജനങ്ങളോട് ഇവർക്ക് ഉത്തരവാദിത്തമൊന്നും ഇല്ലേ.. യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഇവർക്ക് നിലപാടൊന്നുമില്ലേ. ജനങ്ങൾക്ക് ഗുണമില്ലാത്തതുകൊണ്ടും ജനങ്ങൾ അംഗീകരിക്കാത്തതും കൊണ്ടുമാണ് ഞങ്ങൾ നവകേരള സദസ്സിന് എതിര് നിന്നത്'. ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിൽ സർക്കാറിന് തിരിച്ചടി. പഞ്ചായത്ത് കൗൺസിലിന്റെ തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ നൽകിയ ഹരജിയിലാണ് നിർദേശം.
കേസിൽ ഉൾപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് കോടതി നോട്ടീസ് അയച്ചു. കേസ് ഡിസംബർ ഏഴിന് പരിഗണിക്കാനായി മാറ്റി. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിലേക്ക് സർക്കാർ കടന്നുകയറരുതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യം മുൻസിപ്പാലിറ്റിയുടെ കാര്യത്തിൽ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.