പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; ഡൽഹിയിലെ സൂഫി സമ്മേളനത്തിനെതിരെ പ്രതിനിധികൾ രംഗത്ത്

പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന അഭിപ്രായം തനിക്കില്ലെന്നും അങ്ങനെയൊരു പ്രമേയം യോഗത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നും പ്രതിനിധികളിലൊരാളായ ശ്രീ സ്വാമി സാരങ് പറഞ്ഞു. അങ്ങനെയൊരു അഭിപ്രായം ആരും പറഞ്ഞിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2022-08-05 15:48 GMT
Advertising

ന്യൂഡൽഹി: സൂഫി മതമേലധ്യക്ഷന്മാർ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ആൾ ഇന്ത്യ സൂഫി സജ്ജദനാഷിൻ കൗൺസിൽ ഇന്റർഫേത്ത് കോൺഫറൻസ് പ്രതിനിധികൾ. അങ്ങനെയൊരു പ്രമേയമോ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് ഒരു പരാമർശമോ യോഗത്തിലുണ്ടായിട്ടില്ല. യോഗത്തിൽ പങ്കെടുത്ത പ്രതിനിധികളാണ് വാർത്ത നൽകിയ സംഘാടകർക്കെതിരേ രംഗത്തുവന്നത്. ജൂലൈ 30ന് നടന്ന ആൾ ഇന്ത്യ സൂഫി സജ്ജദനാഷിൻ കൗൺസിൽ ഇന്റർഫേത്ത് കോൺഫറൻസിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് ഒരു പ്രമേയം പാസ്സാക്കിയെന്നാണ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തത്. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പൗരന്മാർക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്ന പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവന്ന വാർത്ത. അതിനെതിരേയാണ് പ്രതിനിധികൾ രംഗത്തുവന്നിരിക്കുന്നത്.

പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന അഭിപ്രായം തനിക്കില്ലെന്നും അങ്ങനെയൊരു പ്രമേയം യോഗത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നും പ്രതിനിധികളിലൊരാളായ ശ്രീ സ്വാമി സാരങ് പറഞ്ഞു. അങ്ങനെയൊരു അഭിപ്രായം ആരും പറഞ്ഞിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാർദം വളർത്തിയെടുക്കാൻ ശ്രമിച്ചിട്ടും സമ്മേളനത്തിൽ സംസാരിക്കാനുള്ള അവകാശം തനിക്ക് നിഷേധിക്കപ്പെട്ടുവെന്ന് സ്വാമി സാരംഗ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവകാശപ്പെട്ടു. പോപുലർ ഫ്രണ്ടിനെതിരേ എപ്പോൾ, എവിടെയാണ് പ്രമേയം പാസാക്കിയതെന്ന് തനിക്ക് അറിയില്ല. അതേസമയം പോപുലർ ഫ്രണ്ട് വിശേഷിപ്പിക്കുന്ന പോലെ താൻ ആർഎസ്എസിന്റെയും ബിജെപിയുടെയും ഏജന്റല്ലെന്നും അദ്ദേഹം പറഞ്ഞു. പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തിൽ ഇസ്‌ലാമിക പണ്ഡിതനായ സയ്യിദ് സൽമാൻ നദ്‌വിയുടെ അഭിപ്രായമാണെന്ന് തനിക്കെന്നും സ്വാമി സാരംഗ് പ്രസ്താവിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിലെ പ്രസംഗകരിൽ ഒരാളായിരുന്നു സൽമാൻ നദ്‌വി. പ്രമേയത്തെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടശേഷം നിരോധനമെന്ന ആശയത്തോട് തനിക്ക് യോജിപ്പില്ലെന്ന അഭിപ്രായത്തോടെ അദ്ദേഹം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സമ്മേളനത്തിൽ ഒരു പ്രമേയവും പാസാക്കിയിട്ടില്ലെന്നും ആർഎസ്എസ്സിനെയോ വിഎച്ച്പിയെയോ മാത്രമല്ല ഒരു സംഘടനയെയും നിരോധിക്കുന്നതിനെ താൻ അനുകൂലിക്കുന്നില്ലെന്നും വീഡിയോയിൽ അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി, തബലീഗ് ജമാഅത്ത്, ആർഎസ്എസ്, ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് എന്നിവ നിരോധിക്കണമെന്ന ആവശ്യത്തോടും തന്റെ അഭിപ്രായം അതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മറ്റൊരു പ്രതിനിധി പ്രഫ.മൊഹ്‌സിൻ ഉസ്മാനി നദ്‌വിയും സ്വാമി സാരംഗിന്റെയും മൗലാന സൽമാൻ നദ്‌വിയുടെയും അഭിപ്രായങ്ങളോട് യോജിച്ചു. തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഞാൻ ഒരു കാഴ്ചക്കാരൻ മാത്രമായിരുന്നു; രാജ്യത്തെ നിലവിലെ അപകടകരമായ വർഗീയ സാഹചര്യത്തിൽനിന്ന് എങ്ങനെ കരകയറാം എന്നതിനെക്കുറിച്ചുള്ള എന്റെ ആശയങ്ങൾ പങ്കിടാമെന്ന പ്രതീക്ഷയിലാണ് ഞാൻ സമ്മേളനത്തിന് പോയത്'- അദ്ദേഹം പറഞ്ഞു. മൗലാന സൽമാൻ നദ്‌വിയാണ് പ്രഫ. ഉസ്മാനിയെ സമ്മേളനത്തിന് ക്ഷണിച്ചതത്രെ.

സൂഫി കൗൺസിലിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചില്ലെന്നും സൽമാൻ നദ്‌വി വിളിച്ചതുകൊണ്ട് അവിശ്വസിച്ചില്ലെന്നും ഹിഡൻ അജണ്ടയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ യോഗത്തിൽ പങ്കെടുക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോപുലർ ഫ്രണ്ടിനെ നിരോധിക്കണെന്ന പ്രമേയം വലിയ വിവാദമായിരുന്നു. പോപുലർ ഫ്രണ്ട് നേതാക്കളും ഇതിനെതിരേ രംഗത്തുവന്നു.

ആർഎസ്എസ് അനുകൂലികളാണ് സൂഫികളെന്ന പേരിൽ യോഗം വിളിച്ചുചേർത്തതെന്ന് പോപുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി മുഹമ്മദ് ഷാക്കിഫ് ആരോപിച്ചു. ഓൾ ഇന്ത്യ സൂഫി സജ്ജദാനശിൻ കൗൺസിൽ ചില സൂഫി ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്. ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്തി ദർഗ അജ്മീറിലെ ദിവാനായിരുന്ന സയ്യിദ് സൈനുൽ ആബദീന്റെ മകനാണ് കൗൺസിൽ പ്രസിഡന്റ് സയ്യിദ് നസീറുദ്ദീൻ ചിഷ്തി. 1955ലെ ദർഗാ ഖ്വാജാ സാഹിബ് നിയമം അനുസരിച്ച്, ദിവാന് മതപരമായ സ്ഥാനമൊന്നുമില്ല. മറിച്ച് ഒരു ഉദ്യോഗസ്ഥൻ മാത്രമാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News