സർക്കാർ സർവീസിൽ ഈഴവേതര പിന്നാക്ക ഹിന്ദുക്കൾ ഏറെ പിന്നിലെന്ന് കണക്കുകൾ

മുന്നാക്ക ഹിന്ദുക്കൾക്ക് അർഹമായതിന്റെ ഇരട്ടിയോളം പ്രാതിനിധ്യം ലഭിച്ചപ്പോഴാണ് പിന്നാക്ക ഹിന്ദുക്കൾ സർക്കാർ സർവീസിൽ നിന്ന് വൻതോതിൽ പുറത്താക്കപ്പെട്ടിരിക്കുന്നത്

Update: 2024-07-03 12:54 GMT
Advertising

കോഴിക്കോട്: സർക്കാർ സർവീസിൽ പിന്നാക്ക വിഭാഗത്തിൽപെട്ട ഈഴവരല്ലാത്ത ഹിന്ദു വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതിക പ്രാതിനിധ്യമില്ല. സർക്കാർ നിയമസഭയിൽ വെച്ച കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ ബാക് വേർഡ് ക്ലാസസിന്റെ (കെ.എസ്.സി.ബി.സി) റിപ്പോർട്ടിലാണ് സർക്കാർ തൊഴിൽ രംഗത്ത്​ പിന്നാക്ക വിഭാഗം ഹിന്ദുക്കളുടെ പരിതാപകരമായ അവസ്ഥ പുറത്തുവന്നത്. മുന്നാക്ക ഹിന്ദുക്കൾക്ക് അർഹമായതിന്റെ ഇരട്ടിയോളം പ്രാതിനിധ്യം ലഭിച്ചപ്പോഴാണ് പിന്നാക്ക ഹിന്ദുക്കൾ സർക്കാർ സർവീസിൽ നിന്ന് വൻതോതിൽ പുറത്താക്കപ്പെട്ടിരിക്കുന്നത്. പിന്നാക്ക ഹിന്ദുക്കളിൽ ഈഴവർക്ക് മാത്രമാണ് സർക്കാർ സർവീസിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യമുള്ളത്.

2024 ജൂൺ 19 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 5,45,423 സ്ഥിരം സർക്കാർ ജീവനക്കാരാണുള്ളത്. ഇതിൽ 1,15,124 പേർ മുന്നാക്ക ഹിന്ദു വിഭാഗത്തിൽപെട്ടവരാണ്. ജനസംഖ്യാനുപാതികമായി നായർ സമുദായത്തിന് ലഭിക്കേണ്ട വിഹിതത്തേക്കാൾ 36.86 ശതമാനം കൂടുതൽ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. ഈഴവ വിഭാഗത്തിൽനിന്ന് 1,15,075 പേരാണ് സർക്കാർ മേഖലയിൽ ​​ജോലി ചെയ്യുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈഴവ വിഭാഗത്തിന് ജനസംഖ്യ ആനുപാതികമായി സർക്കാർ തൊഴിൽ മേഖലയിൽ 1.11 ശതമാനത്തിന്റെ കുറവ് മാത്രമേയുള്ളൂ.

എന്നാൽ ഹിന്ദു ഒ.ബി.സി വിഭാഗത്തിലെ വിശ്വകർമ, ധീവര,വണിക-വൈശ്യ തുടങ്ങിയ വിഭാഗങ്ങൾ സർക്കാർ ജോലിയിലെ പ്രാതിനിധ്യത്തിൽ ഏറെ പിന്നിലെന്നാണ് സർക്കാർ രേഖ പറയുന്നത്. വിശ്വകർമ വിഭാഗത്തിൽ നിന്ന് 16,564 പേരാണ് സർക്കാർ തസ്തികയിലുള്ളത്. അതായത് സർക്കാർ ജീവനക്കാരുടെ 3.04 ശതമാനം. സംസ്ഥാനത്ത് 8 മുതൽ ഒമ്പത് ശതമാനം വരെ വിശ്വകർമരുണ്ടെന്നാണ് വിശ്വകർമ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡണ്ട് ടി.ആർ മധുവിന്റെ അവകാശവാദം. ഇത് പരിഗണിച്ചാൽ ജനസംഖ്യാനുപാതികമായി 163.16 ശതമാനത്തിന്റെ കുറവാണ് സർക്കാർ ജോലിയിൽ വിശ്വകർമ വിഭാഗത്തിനുള്ളത്.

മറ്റൊരു ഒ.ബി.സി ഹിന്ദു വിഭാഗമായ ധീവര സമുദായത്തിൽ നിന്ന് 6,818 പേരാണ് സർക്കാർ മേഖലയിൽ ​ജോലി ചെയ്യുന്നത്. സർക്കാർ തൊഴിൽ മേഖലയുടെ 1.25 ശ​തമാനം പ്രാതിനിധ്യം. കേരളത്തിൽ 20 ലക്ഷം ധീവരരുണ്ടെന്നാണ് ധീവര സഭ ജനറൽ സെ​​ക്രട്ടറിയും മുൻ എം.എൽ.എയുമായ വി.ദിനകരൻ പറയുന്നത്. ജനസംഖ്യയിൽ 6.29 ശതമാനമാണ് ധീവരുടെ പ്രാതിനിധ്യം ആ കണക്കനുസരിച്ച് തൊഴിൽ പ്രാതിനിധ്യത്തിൽ 403.2 ശതമാനത്തിന്റെ കുറവുണ്ട്.

ജനസംഖ്യാനുപാതിക പ്രാതിനിധ്യം കണക്കാക്കിയാൽ വണിക, വൈശ്യ വിഭാഗമാണ് സർക്കാർ സർവീസിൽ ഏറ്റവുമധികം കുറവുള്ള പിന്നാക്ക ഹിന്ദു വിഭാഗം. 5,234 പേരാണ് സർക്കാർ ​മേഖലയിൽ ഈ സമുദായത്തിൽ നിന്ന് ജോലി ചെയ്യുന്നത്. കേരള വണികവൈശ്യ സംഘം 2024 മാർച്ചിൽ പ്രസിദ്ധീകരിച്ച സമുദായ ജനസംഖ്യ പ്രകാരം 17 ലക്ഷമാണ് അവരുടെ ആകെ ജനസംഖ്യ. സംസ്ഥാന ജനസംഖ്യയുടെ 5.35 ശതമാനമാണ് ഇതെന്ന് സംഘടനാ പ്രസിഡന്റ് കുട്ടപ്പൻ ചെട്ടിയാർ പറയുന്നു.

ഈ ജനസംഖ്യ മാനദണ്ഡമാക്കിയാൽ സർക്കാർ ​സർവീസിൽ സമുദായ പ്രാതിനിധ്യം 0.96 ശതമാനം മാത്രമാണ്. ജനസംഖ്യാനുപാതികമായി 457.29 ശതമാനത്തി​ന്റെ കുറവ്. 5234 പേരുണ്ടെങ്കിലും തഹസിൽദാർ തസ്തികയിലുണ്ടായിരുന്ന രണ്ട് പേരാണ് സമുദായത്തിൽ നിന്ന് സർക്കാർ മേഖലയിൽ മെച്ചപ്പെട്ട പദവിയലെത്തിയത്. നിലവിൽ വില്ലേജ് ഓഫീസർമാരായി രണ്ടുപേരാണുള്ളത്. ഇത്രയും വലിയ ജനസംഖ്യ ഉണ്ടായിട്ടും കേരളത്തിൽ ആകെ മൂന്ന് പഞ്ചായത്ത് മെമ്പർമാരാണുള്ളതെന്നും കുട്ടപ്പൻ ചെട്ടിയാർ പറയുന്നു.

കഴിഞ്ഞ ദിവസം മുസ്‍ലിം വിഭാഗത്തിന്റെയും ക്രിസ്ത്യൻ വിഭാഗത്തിലെ പിന്നാക്ക വിഭാഗമായ ലത്തീൻ സഭയുടെയും സർക്കാർ തൊഴിലിലെ കുറവുകൾ മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. മുസ്‍ലിം വിഭാഗത്തിൽ നിന്ന് 73,774 പേരാണ് ജോലിയിലുള്ളത് അതായത് 13.52 ശതമാനം. കേരളത്തിലെ ജനസംഖ്യയിൽ 26.9 ​മുതൽ 28.15 ശതമാനം വരെ മുസ്‍ലിം ജനവിഭാഗമുണ്ടെന്നാണ് കണക്ക് (ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും വിവിധ ഏജൻസികളുടെയും പഠനമനുസരിച്ച്). ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ജനസംഖ്യ ആനുപാതിക പ്രാതിനിധ്യ ​പ്രകാരം മുസ്‍ലിം സമുദായത്തിന് ലഭിക്കേണ്ട തസ്തികകളിൽ നിലവിൽ ശരാശരി 102 ശതമാനം കുറവുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

കേരള ജനസംഖ്യയിൽ ആറ് ശതമാനം വരുന്ന ലത്തീൻ സഭയിൽ നിന്ന് 22,542 പേരാണ് സർക്കാർ ജോലിയിലുള്ളത്. അതായത് 4.13 ശതമാനം മാത്രമാണ് സർക്കാർ ജോലിയിൽ അവരുടെ പ്രാതിനിധ്യം. സർക്കാർ തൊഴിൽ ​രേഖകളുമായി താരതമ്യം ചെയ്യുമ്പോൾ ജനസംഖ്യാനുപാതികമായി സർക്കാർ തസ്തികയിൽ 45.28 ശതമാനം കുറവുണ്ടെന്നാണ് കണക്കുകൾ.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - അനസ് അസീന്‍

contributor

Similar News