പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; സിനിമകളുടെ പ്രതിഫലത്തിൽ അന്വേഷണം
സഹനിർമാതാവെന്ന നിലയില്‍ 40 കോടി പറ്റിയതില്‍ വിശദാംശങ്ങള്‍ തേടി


കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്. കടുവ, ജനഗണമന, ഗോള്‍ഡ് സിനിമകളില്‍ നിന്ന് പറ്റിയ പ്രതിഫലത്തെക്കുറിച്ചാണ് ആദായനികുതി വകുപ്പ് അന്വേഷണം. ഈ ചിത്രങ്ങളുടെ സഹനിർമാതാവെന്ന നിലയില്‍ 40 കോടി രൂപ കൈപറ്റിയതില്‍ വിശദാംശങ്ങള്‍ തേടി. കഴിഞ്ഞ മാസം നൽകിയ നോട്ടീസിൽ ഏപ്രിൽ 29നകം മറുപടി വേണമെന്നാണ് നിർദേശം. 2022ല്‍ നടത്തിയ പരിശോധനയുടെ തുടർച്ചയായാണ് അന്വേഷണം.
2021ലും 2022ലും പൃഥ്വിയുടെ നിർമാണ കമ്പനിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന്‍റെ തുടർച്ചയായാണ് ഇപ്പോഴത്തെ അന്വേഷണം. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളിലെ അഭിനയത്തിന് പൃഥ്വിരാജ് പ്രതിഫലം പറ്റിയിട്ടില്ല. എന്നാല്‍ സഹനിർമാതാവെന്ന നിലക്ക് 40 കോടി പറ്റുകയും ചെയ്തു. ഇതു സംബന്ധിച്ച വിശദാംശങ്ങളാണ് തേടിയിട്ടുള്ളത്. എമ്പുരാൻ സിനിമയുടെ പേരില്‍ പകപോക്കലുകൾ നടക്കുന്നുണ്ടെന്നും ആദായ നികുതി വകുപ്പിന്‍റെ നടപടിയുടെ കൂടുതൽ വിശദാംശങ്ങൾ വരേണ്ടതുണ്ടെന്നും സംവിധായകൻ ജിയോ ബേബി പ്രതികരിച്ചു. പൃഥ്വിരാജിനെതിരെ ഉള്ളത് സ്വാഭാവിക നടപടിയാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. നേരത്തേ തുടരുന്ന അന്വേഷണം മാത്രമാണെന്നും പുതിയ അന്വേഷണമില്ലെന്നുമാണ് വിശദീകരണം.
പൃഥ്വിരാജിന് ഇൻകം ടാക്സ് നോട്ടീസ് അയച്ചത് വേട്ടയാടലിന്‍റെ ഭാഗമായിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. സിനിമയെടുത്തതിന്‍റെ പേരിൽ സർക്കാർ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് ജനാധിപത്യ രാജ്യത്തിൽ നടക്കാൻ പാടില്ലാത്തതാണ്. സർക്കാരിനെതിരെ ഒന്നും പറയാൻ പാടില്ല എന്ന നിലയാണ് കാര്യങ്ങളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ നിര്‍മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന്‍റെ ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൃഥ്വിരാജിനെതിരെയുള്ള ഐടി നടപടി. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിൽ രാത്രി വൈകിയും ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇടപാടുകളും പരിശോധിച്ചു എന്നാണ് സൂചന. എന്നാല്‍ ഫെമ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നിൽ എന്നാണ് ഇഡി നൽകുന്ന വിശദീകരണം. ഇന്നലെ രാവിലെ കോഴിക്കോട്ടെ മാളിലും ഹോട്ടലിലും ഇഡി പരിശോധന നടത്തിയിരുന്നു.
സമീപകാല വിവാദങ്ങളുമായി പരിശോധനക്ക് ബന്ധമില്ലെന്നും ഗോകുലം സ്ഥാപനങ്ങൾ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും കേരളത്തിലും തമിഴ്‌നാട്ടിലുമായി 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സംശയമെന്നും ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.