കേരളത്തെയോർത്ത് മിത്ത് വിവാദം അവസാനിപ്പിക്കണം-ജമാഅത്തെ ഇസ്‌ലാമി
''മതവും വിശ്വാസവും ദർശനങ്ങളും ശാസ്ത്രവുമെല്ലാം സംവാദങ്ങൾക്കതീതമല്ല. എന്നാൽ, അപരൻ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആശയങ്ങളെ അധിക്ഷേപിക്കാതിരിക്കാനും പരിഹസിക്കാതിരിക്കാനുമുള്ള വിശാലത ബഹുസ്വര സമൂഹത്തിൽ എല്ലാവരും പുലർത്തണം''
കോഴിക്കോട്: സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ പരാമർശങ്ങളെച്ചൊല്ലിയുള്ള വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. മിത്ത് വിവാദം സുവർണാവസരമായി കാണാൻ ബി.ജെ.പി തീരുമാനിച്ചുവെന്നതാണ് വിഷയം. കേരളത്തിൽ ഇസ്‌ലാമോഫോബിയ പടർത്തിവിട്ട് രാഷ്ട്രീയലാഭം ലക്ഷ്യമാക്കുന്ന എല്ലാവരെയും ഈ വിവാദം തിരിഞ്ഞുകുത്തുമെന്നും ഇതിന്റെ ഗുണഭോക്താക്കളാകുക സംഘ്പരിവാറാകുമെന്നും അദ്ദേഹം പറഞ്ഞു.
മതവും വിശ്വാസവും ദർശനങ്ങളും ശാസ്ത്രവുമെല്ലാം സംവാദങ്ങൾക്കതീതമല്ല. അതെല്ലാം ഉൾക്കൊള്ളാനും അംഗീകരിക്കാനുമുള്ള ഉയർന്ന ജനാധിപത്യബോധമാണ് കേരളത്തിന്റെ പ്രത്യേകത. ഇതര ആശയങ്ങളെ മാനിക്കാനും മാന്യമായി വിയോജിക്കാനുമുള്ള ഇടം അനുവദിക്കപ്പെടണം. എന്നാൽ, അപരൻ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആശയങ്ങളെ അധിക്ഷേപിക്കാതിരിക്കാനും പരിഹസിക്കാതിരിക്കാനുമുള്ള വിശാലത ഒരു ബഹുസ്വര സമൂഹത്തിൽ എല്ലാവരും പുലർത്തണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ അമീർ ആവശ്യപ്പെട്ടു.
പി. മുജീബുറഹ്മാന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കലാപമൊഴിയാത്ത മണിപ്പൂരും ഹരിയാനയും നമുക്ക് ഭാവിയിലേക്കുള്ളൊരു പാഠപുസ്തകമാണ്. തീ ആളിക്കത്തിക്കാൻ എളുപ്പമാണ്. എരിതീയിൽ എണ്ണയൊഴിക്കാനും ചിലർ മിടുക്കരാണ്. പക്ഷേ, തീയണക്കാൻ അത്ര എളുപ്പം ആർക്കും കഴിയില്ല.
മണിപ്പൂരിൽനിന്ന് കേരളത്തിലേക്ക് വലിയ ദൂരമൊന്നുമില്ല. കേരളത്തിലിപ്പോൾ നടക്കുന്ന മിത്ത് വിവാദം വിശ്വാസ സംരക്ഷണത്തെക്കാൾ രാഷ്ട്രീയതാൽപര്യങ്ങളാൽ ഊതിക്കത്തിക്കപ്പെട്ടതാണ്. മതവും വിശ്വാസവും ദർശനങ്ങളും ശാസ്ത്രവുമെല്ലാം സംവാദങ്ങൾക്കതീതമല്ല. അതെല്ലാം ഉൾക്കൊള്ളാനും അംഗീകരിക്കാനുമുള്ള ഉയർന്ന ജനാധിപത്യബോധമാണ് കേരളത്തിന്റെ പ്രത്യേകത. ഇതര ആശയങ്ങളെ മാനിക്കാനും മാന്യമായി വിയോജിക്കാനുമുള്ള ഇടം അനുവദിക്കപ്പെടണം. എന്നാൽ, അപരൻ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആശയങ്ങളെ അധിക്ഷേപിക്കാതിരിക്കാനും പരിഹസിക്കാതിരിക്കാനുമുള്ള വിശാലത ഒരു ബഹുസ്വര സമൂഹത്തിൽ എല്ലാവരും പുലർത്തണം.
മിത്ത് വിവാദത്തിൽ പക്ഷേ, ഇതൊന്നുമല്ല സംഭവിച്ചിട്ടുള്ളത്. ബി.ജെ.പിയുടെ ഒരു സമുന്നതനായ നേതാവ് തന്നെ പറഞ്ഞതുപോലെ ഇതൊരു സുവർണാവസരമായി കാണാൻ ബി.ജെ.പി തീരുമാനിച്ചുവെന്നതാണ് വിഷയം. ഇത് മനസ്സിലാക്കാനുള്ള ശേഷി ഒരു ഘട്ടത്തിലും മലയാളിക്ക് നഷ്ടപ്പെടരുത്. അതുണ്ടായപ്പോഴാണ് ഇതിൽ കക്ഷിയല്ലാത്ത ഒരു സമുദായം ഇതിലേക്കു വലിച്ചിഴക്കപ്പെട്ടത്. കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ ഷംസീറിന്റെ പേരിൽ നോമ്പും നമസ്‌കാരവും മുണ്ടുടുക്കൽ രീതിയും മൗലൂദും കൂടാതെ ഹൂറികളും അല്ലാഹുവുമെല്ലാം ചർച്ചയിലേക്കു വലിച്ചിഴക്കപ്പെട്ടതും യാദൃശ്ചികമല്ല.
നമുക്ക് വിശ്വാസത്തെ വിശ്വാസമായും ശാസ്ത്രത്തെ ശാസ്ത്രമായും കാണാം. അതിലുപരി ശാസ്ത്രവും മതവും മതമില്ലാത്തവരുമെല്ലാം മനുഷ്യനുവേണ്ടിയാണു സംസാരിക്കുന്നതെങ്കിൽ ഈ വിവാദം എത്ര പെട്ടെന്ന് അവസാനിപ്പിക്കുന്നുവോ, അത്രയും നല്ലത്. ഇനിയും, കേരളത്തിൽ ഇസ്‌ലാമോഫോബിയ പടർത്തിവിട്ട് രാഷ്ട്രീയലാഭം ലക്ഷ്യമാക്കുന്ന എല്ലാവരും മനസ്സിലാക്കുക, ഇത് നിങ്ങളെത്തന്നെ തിരിഞ്ഞുകുത്തും. ഇതിന്റെ ഗുണഭോക്താക്കളാകട്ടെ, അന്തിമമായി സംഘ്പരിവാർ മാത്രവുമായിരിക്കും.
Summary: The myth controversy will turn away all those who aim for political gain by spreading Islamophobia in Kerala and the beneficiaries of this will be Sangh Parivar: Jamaat-e-Islami Kerala Ameer P Mujeeb Rahman