ജെയിംസ് മാത്യു സജീവരാഷ്ട്രീയം വിടുന്നു; തീരുമാനം പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായതിന് പിന്നാലെ
വ്യക്തിപരമായ കാരണങ്ങളാലാണ് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് സൂചന
മുതിർന്ന സിപിഎം നേതാവ് ജെയിംസ് മാത്യു സജീവരാഷ്ട്രീയം ഉപേക്ഷിക്കുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായതിന് പിന്നാലെയാണ് തീരുമാനം. വ്യക്തിപരമായ കാരണങ്ങളാലാണ് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് സൂചന.
ഇത്തവണ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാകാനുള്ള ജെയിംസ് മാത്യുവിന്റെ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. സ്വയം ആവശ്യപ്പെട്ടത്പ്രകാരമായിരുന്നു ജെയിംസ് മാത്യുവിനെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്. പാർട്ടി ജില്ലാ നേതൃത്വത്തിന്റെ ഭാഗമായി ജെയിംസ് മാത്യു തുടരട്ടെ എന്നായിരുന്നു സിപിഎമ്മിന്റെ തീരുമാനം. എന്നാൽ സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്ന് ജെയിംസ് മാത്യു നേതൃത്വത്തെ അറിയിച്ചു.
ഇന്നലെ കണ്ണൂരിൽ ജില്ലാ നേതൃയോഗത്തിനെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും ജെയിംസ് മാത്യു കൂടികഴ്ച നടത്തിയിരുന്നു. സജീവ രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. സിപിഎമ്മിന്റെ സംസ്ഥാനത്തെ ന്യൂനപക്ഷ നേതാക്കളിൽ പ്രമുഖനായിരുന്നു ജെയിംസ് മാത്യു. അടിയന്തരാവസ്‌ഥ കാലത്ത് എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ജെയിംസ് മാത്യു എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സെക്രട്ടറി, അഖിലേന്ത്യാ ജോയിന്‍ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. വിദ്യാർഥി സമര വേദികളിൽ പല തവണ പൊലീസിന്റെ ക്രൂര മർദനം ഏറ്റു വാങ്ങിയിട്ടുണ്ട്.1987 ലും 2006 ലും ഇരിക്കൂറിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011 ലും 2016 ലും തളിപ്പറമ്പിൽ നിന്നും നിയമസഭയിലെത്തിയ ജെയിംസ് മാത്യു മികച്ച സംഘടകൻ എന്ന നിലയിലും ശ്രദ്ധേയനാണ്. നാലര പതിറ്റാണ്ടിലേറെ സിപിഎമ്മിനെ നേതൃ നിരയിൽ നിന്ന് നയിച്ച ശേഷമാണ് ജെയിംസ് മാത്യു സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നത്.