'ഇനിയും അങ്ങനെ സംഭവിച്ചാല്‍, ഞാന്‍ ക്രിക്കറ്റ് ഉപേക്ഷിക്കും' ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജോഫ്രാ ആര്‍ച്ചര്‍

പരിക്കില്‍ നിന്ന് മുക്തനാകുന്നതിന്‍റെ ഭാഗമായി ശസ്ത്രക്രിയക്ക് ശേഷം കൌണ്ടി ക്രിക്കറ്റ് കളിച്ച് തുടങ്ങിയ ആര്‍ച്ചറെ വീണ്ടും കൈമുട്ടിലെ പരിക്ക് പിടികൂടിയിരിക്കുകയാണ്

Update: 2021-05-27 13:43 GMT
Editor : Roshin | By : Web Desk
Advertising

ഇംഗ്ലണ്ട് താരം ജോഫ്രാ ആര്‍ച്ചറെ പരിക്ക് വിടാതെ പിന്‍തുടരുകയാണ്. ഇന്ത്യന്‍ പര്യടനത്തിനിടെ കൈമുട്ടിന് പരിക്കേറ്റ ആര്‍ച്ചറിന് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയും തുടര്‍ന്ന് നടന്ന ഐപിഎല്‍ സീസണും കളിക്കാന്‍ സാധിച്ചില്ല. പരിക്കില്‍ നിന്ന് മുക്തനാകുന്നതിന്‍റെ ഭാഗമായി ശസ്ത്രക്രിയക്ക് ശേഷം കൌണ്ടി ക്രിക്കറ്റ് കളിച്ച് തുടങ്ങിയ ആര്‍ച്ചറെ വീണ്ടും കൈമുട്ടിലെ പരിക്ക് പിടികൂടിയിരിക്കുകയാണ്. തുടര്‍ന്ന് ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാഴ്ത്തുന്ന വെളിപ്പെടുത്തലുമായാണ് ആര്‍ച്ചര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോള്‍ കൈമുട്ടിന് നടത്തിയ ശസ്ത്രക്രിയ വിജയമായില്ലെങ്കില്‍ ക്രിക്കറ്റ് കളത്തിലേക്ക് ഇനി മടങ്ങി വരില്ലെന്ന് ജോഫ്രാ ആര്‍ച്ചര്‍ വ്യക്തമാക്കി. 'ഒരു വര്‍ഷത്തിലെ ഏതാനും ആഴ്ചകള്‍ നഷ്ടപ്പെടുന്നതല്ല ഞാന്‍ ഇപ്പോള്‍ പരിഗണിക്കുന്നത്. എന്നെ സംബന്ധിച്ച് കരിയറില്‍ ഇനിയും വര്‍ഷങ്ങള്‍ മുന്നിലുണ്ട്. അക്കാര്യമാണ് എന്റെ പരിഗണനയില്‍ ഉള്ളത്. കൈമുട്ടിനേറ്റ പരിക്കിന് ശാശ്വതമായ ഒരു പരിഹാരമാണ് ഞാന്‍ തേടുന്നത്. ഇപ്പോള്‍ നടത്തിയ ശസ്ത്രക്രിയ പൂര്‍ണ വിജയമായില്ല എങ്കില്‍ ഞാന്‍ ക്രിക്കറ്റ് ഉപേക്ഷിക്കും. അതുകൊണ്ടു തന്നെ പെട്ടെന്ന് തന്നെ കളത്തില്‍ തിരിച്ചെത്തണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. എനിക്കും എന്റെ കരിയറിനും ഏറ്റവും നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഞാന്‍ കാത്തിരിക്കുന്നത്'.

കൌണ്ടിക്കിടെ ഏറ്റ പരിക്കിനെത്തുടര്‍ന്ന് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ആര്‍ച്ചറെ ഒഴിവാക്കിയിരുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ്, ആഷസ് പരമ്പരകള്‍ക്കായാണ് ആര്‍ച്ചര്‍ കാത്തിരിക്കുന്നത്. ഒപ്പം ഐപിഎല്ലിന്‍റെ രണ്ടാം ഘട്ട പോരാട്ടം നടക്കുകയാണെങ്കില്‍ രാജസ്ഥാന് വേണ്ടി കളിക്കാനിറങ്ങാം എന്നും താരം കണക്കുകൂട്ടുന്നു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News