പി.എസ്.സി നിയമനങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് കൂടുതൽ സംവരണം നല്‍കണം: ജസ്റ്റിസ് ജെബി കോശി കമ്മീഷൻ
രണ്ട് വര്‍ഷം മുന്‍പ് നിയമിച്ച കമ്മീഷന്‍ 500 ശിപാർശകൾ അടങ്ങിയ റിപ്പോർട്ട് 368 പേജിൽ 2 ഭാഗമായി തയാറാക്കി ഇന്ന് സര്‍ക്കാരിന് കൈമാറി
തിരുവനന്തപുരം: ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പിഎസ് സി നിയമനങ്ങളിൽ കൂടുതൽ സംവരണം നല്‍കണമെന്ന് ജസ്റ്റിസ് ജെബി കോശി കമ്മീഷൻ ശിപാർശ. ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കവസ്ഥ പഠിച്ച കമ്മീഷൻ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്ക് ക്ഷേമനിധി രൂപീകരിക്കണമെന്നും കമ്മീഷൻ ശിപാര്‍ശ ചെയ്തതായി സൂചനയുണ്ട്.
ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ 14 ജില്ലകളിലും സിറ്റിംങ് നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ട് വര്‍ഷം മുന്‍പ് നിയമിച്ച കമ്മീഷന്‍ 500 ശിപാർശകൾ അടങ്ങിയ റിപ്പോർട്ട് 368 പേജിൽ 2 ഭാഗമായി തയാറാക്കി ഇന്ന് സര്‍ക്കാരിന് കൈമാറി. 4.87 ലക്ഷം പരാതികള്‍ കമ്മിഷനു ലഭിച്ചപ്പോള്‍ അതില്‍ കൂടുതലും നിയമങ്ങളുമായി ബന്ധപ്പെട്ടായിരിന്നു. നിയമന റൊട്ടേഷൻ പ്രകാരം പരിവർത്തിത ക്രൈസ്തവർ പിന്തള്ളപ്പെടുന്നുവെന്നാണ് പ്രധാന പരാതി. ഇവർക്കും ക്രൈസ്തവ സമുദായത്തിലെ പിന്നോക്കക്കാർക്കും പിഎസ് സി നിയമനങ്ങളിൽ സംവരണം കൂട്ടണമെന്ന് കമ്മീഷന് ശിപാര്‍ശ നല്‍കിയതായി സൂചനയുണ്ട്.
മദ്രസ അധ്യാപകരുടേത് പോലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണം. പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരും തീരദേശ വാസികളുമാണ് ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് ഇവര്‍ക്ക് വേണ്ടി പ്രത്യേക കമ്മീഷന്‍ രൂപീകരിക്കണമെന്നും ശുപാര്‍ശയുണ്ട്. പുനര്‍ഗേഹം പദ്ധതി പ്രകാരം തീരത്ത് നിന്ന് മാറി താമസിക്കാന്‍ നിലവില്‍ നല്‍കുന്ന അഞ്ച് ലക്ഷം രൂപ വര്‍ധിപ്പിക്കണം. മലയോര മേഖലകളിലെ വന്യജീവി അക്രമം തടയാന്‍ കൂടുതല്‍ തുക അനുവദിക്കണമെന്നും ശുപാര്‍ശയുണ്ട്. 80-20 അനുപാദത്തില്‍ സ്കോളർഷിപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണനയിലായതിനാൽ അതിൽ ജെബി കോശി കമ്മീഷൻ കാര്യമായി ഇടപെടുന്നില്ല.