കെ ജയന്തിനെ കെ.പി.സി.സി ഭാരവാഹിയാക്കിയതിൽ സുധാകരനെ പരോക്ഷമായി പരിഹസിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി
കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക ഇന്ന് വൈകീട്ടാണ് പ്രഖ്യാപിച്ചത്. നാല് വൈസ് പ്രസിഡന്റുമാരും 23 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതാണ് പട്ടിക. കെ.ജയന്ത് ജനറൽ സെക്രട്ടറിയാണ്.
കെ ജയന്തിനെ കെ.പി.സി.സി ഭാരവാഹിയാക്കിയതിൽ കെ സുധാകരനെ പരോക്ഷമായി പരിഹസിച്ച് കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്. ഫേസ്‌പോസ്റ്റിലൂടെയാണ് പരിഹാസം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നപ്പോൾ ഒരു പരിപാടിയും സംഘടിപ്പിക്കാത്ത ആളായിരുന്നുവെന്നാണ് ജയന്തിനെ വിശേഷിപ്പിക്കുന്നത്. ഇദ്ദേഹത്തെ കെ.പി.സി.സി ഭാരവാഹിയാക്കിയപോലുള്ള പരീക്ഷണങ്ങൾ ഇനിയും തുടരട്ടെ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വർഷങ്ങൾക്ക് മുമ്പ് കേട്ട ഒരു രാഷ്ടീയകഥയാണ്...
പ്രസംഗകനും ബുദ്ധിജീവിയും സംഘാടകനുമായ വ്യക്തിയെ യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി നിയമിച്ചു...
മറ്റെല്ലാ ജില്ലകളിലും ശക്തമായ പ്രവർത്തനം
കോഴിക്കോട്ട് മാത്രമില്ല...
സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരമുള്ള പരിപാടികളും നടക്കുന്നില്ല..
അവസാനം സംസ്ഥാന കമ്മറ്റി ഇടപെടലായി.
അന്വേഷിക്കാൻ ആളെ വിട്ടു..
അവർ ജില്ലയിലെത്തി...
തെളിവെടുപ്പ് പൂർത്തിയായി...
ജില്ലാ പ്രസിഡണ്ടിൻ്റെ സാന്നിദ്ധ്യത്തിൽ ജില്ലാ കമ്മറ്റി വിളിച്ചു ചേർത്തു..
വിചാരണയ്ക്കായി സംസ്ഥാന കമ്മറ്റി പ്രതിനിധികളും ജില്ലാ സഹ'ഭാരവാഹികളും തയ്യാറെടുത്തു...
പ്രസിഡണ്ടിൻ്റെ അധ്യക്ഷ പ്രസംഗം തുടങ്ങി...
" ഞാൻ സ്ഥാനമേറ്റെടുത്തത് മുതൽ ഒരു പരീക്ഷണം നടത്തുകയായിരുന്നു...
ഒരു പ്രവർത്തനവും നടത്താതിരുന്നാൽ പ്രസ്ഥാനത്തിന് എന്തു സംഭവിക്കുമെന്ന വലിയ പരീക്ഷണം....
പാർട്ടി പ്രവർത്തകർ എല്ല് മുറിയെ പണിയെടുക്കുന്നതും ചങ്ക് പൊട്ടിക്കുന്നതും ഞാൻ നിരീക്ഷിക്കുകയായിരുന്നു...
എൻ്റെ പരീക്ഷണം ഞാനിന്ന് അവസാനിപ്പിക്കുയാണ്..."
ഇനി മുതൽ പ്രവർത്തിക്കണമെന്ന് ഞാൻ തിരിച്ചറിയുന്നു..
ഇന്ന് മുതൽ ഞാൻ പ്രവർത്തന രംഗത്ത് സജീവമാവാനും പരീക്ഷണം ' നിർത്താനും തീരുമാനിച്ചു കഴിഞ്ഞു "
പ്രസിഡണ്ടിൻ്റെ പരീക്ഷണം അംഗീകരിച്ച് യോഗം പിരിഞ്ഞു...
ശുഭപര്യവസാനം.......
പരീക്ഷണങ്ങൾ തുടരട്ടെ......
(ദീർഘകാലം 'മാധ്യമ രംഗത്തുണ്ടായിരുന്നു ആ പ്രസിഡണ്ട്)