കെ.വി തോമസ് ഇ. ശ്രീധരനെ കണ്ട അടുത്ത ദിവസം തന്നെ കോടികളുടെ പദ്ധതി തയ്യാറായത് സംശയാസ്പദം: കെ. മുരളീധരൻ
കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള ഡൽഹി-തിരുവനന്തപുരം അതിവേഗപാതയുടെ തുടക്കമാണിതെന്ന് മുരളീധരൻ പറഞ്ഞു.
കോഴിക്കോട്: കെ.വി തോമസ് ഇ. ശ്രീധരനെ കണ്ട അടുത്ത ദിവസം തന്നെ കോടികളുടെ പദ്ധതി തയ്യാറായത് സംശയാസ്പദമെന്ന് കെ. മുരളീധരൻ എം.പി. പദ്ധതി ഡൽഹിക്ക് അയച്ചതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ശ്രീധരനെ വന്നുകണ്ടു. ഇത് ഹൈ സ്പീഡ് റെയിൽപാതയാണോ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എണ്ണം കുറയ്ക്കാനുള്ള പാതയാണോ എന്ന് സംശയമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള ഡൽഹി-തിരുവനന്തപുരം അതിവേഗപാതയുടെ തുടക്കമാണിത്. രണ്ട് ദിവസംകൊണ്ട് ഉണ്ടായ പദ്ധതി തിരക്കഥയുടെ അടിസ്ഥാനത്തിലാണ്. ഇരുവരുടെയും രഹസ്യധാരണ ഇതോടെ പരസ്യമായി. 24 മണിക്കൂറിനുള്ളിൽ ഇങ്ങനെ കുറിപ്പ് തയ്യാറാക്കാൻ അലാവുദ്ദീന്റെ അത്ഭുതവിളക്ക് ഉണ്ടായിരിക്കണമെന്നും മുരളീധരൻ പരിഹസിച്ചു.
സി.പി.എം സെമിനാർ സി.പി.ഐക്ക് പോലും വേണ്ട. യു.ഡി.എഫിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ നോക്കി സി.പി.എമ്മിന് തന്നെ കൊണ്ട അവസ്ഥയാണ്. സെമിനാറിന്റെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടു. എം.വി ഗോവിന്ദന്റെയും മുഹമ്മദ് റിയാസിന്റെ വാക്കുകൾക്ക് ഒരു വിലയുമില്ല. സി.പി.എം സെമിനാർ പൊട്ടാത്ത വാണംപോലെ ചീറ്റിപ്പോയെന്നും മുരളീധരൻ പറഞ്ഞു.