'ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരു വടിയെങ്കിലും കുത്തിവെക്കാൻ ഞങ്ങൾ മുന്നേ പറഞ്ഞിരുന്നു'; മുഖ്യമന്ത്രിക്കെതിരെ കെ.സുധാകരൻ
'ഇന്നലെ ഇടുക്കിയിൽ നടന്ന ദാരുണ സംഭവം, ഈ മണ്ണിൽ ജീവിക്കുന്ന ഓരോ രക്ഷിതാവിനെയും പേടിപ്പെടുത്തുന്നതാണ്'
തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ പീഡനങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഭരണതലത്തിൽ മുഖ്യമന്ത്രിയുടെ പിടിപ്പുകേടിനെയും കഴിവില്ലായ്മയേയും രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപിയുടെ ഫെസ്ബുക്ക് പോസ്റ്റ്. കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരു വടിയെങ്കിലും കുത്തി വെക്കാൻ ഞങ്ങൾ മുന്നേ പറഞ്ഞിരുന്നു. ഇന്നലെ നടന്ന സംഭവത്തോട് കൂടി പിണറായി സർക്കാരിനെ പരിഹസിക്കാൻ പോലും അറപ്പ് തോന്നിപ്പോകുന്നു എന്ന് സുധാകൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം:
കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരു വടിയെങ്കിലും കുത്തി വെക്കാൻ ഞങ്ങൾ മുന്നേ പറഞ്ഞിരുന്നു. ഇന്നലെ നടന്ന സംഭവത്തോട് കൂടി പിണറായി സർക്കാരിനെ പരിഹസിക്കാൻ പോലും അറപ്പ് തോന്നിപ്പോകുന്നു.
താങ്കളും ഒരു പെൺകുട്ടിയുടെ അച്ഛനല്ലേ പിണറായി വിജയൻ ? ഇന്നലെ ഇടുക്കിയിൽ നടന്ന ദാരുണ സംഭവം, ഈ മണ്ണിൽ ജീവിക്കുന്ന ഓരോ രക്ഷിതാവിനെയും പേടിപ്പെടുത്തുന്നതാണ്. താങ്കളുടെ പിടിപ്പുകേടിനും കഴിവില്ലായ്മയ്ക്കും ഇനിയുമെത്ര പെൺജീവനുകൾ ബലിയാടാകണം മുഖ്യമന്ത്രി? കേരളത്തിലിന്നോളം കേട്ടുകേൾവിയില്ലാത്ത വിധം പെൺകുഞ്ഞുങ്ങൾ ക്രൂരപീഡനങ്ങൾക്ക് വിധേയമാകുമ്പോൾ നിങ്ങൾക്കാ കസേരയിൽ ഇരിക്കാൻ എങ്ങനെ മനസ്സ് വരുന്നു ?
വാളയാറിലും പാലത്തായിയിലും തുടർന്നിങ്ങോട്ട് പ്രളയം പോലെ നടന്നു വരുന്ന ഓരോ സംഭവങ്ങളും തെളിയിക്കുന്നുണ്ട്... എത്രമാത്രം പരാജയമാണ് താങ്കളെന്ന്! എന്നിട്ടും ഒരുളുപ്പുമില്ലാതെ കേരളത്തിലെ രക്ഷിതാക്കൾക്കും അതിജീവിതമാർക്കും താങ്കൾ 'ഉറപ്പ് ' കൊടുക്കുകയാണ്. വിശ്വസിച്ച് തിരഞ്ഞെടുത്ത ജനങ്ങളെ ഇത്ര നീചമായി പറഞ്ഞു പറ്റിക്കാൻ എങ്ങനെ സാധിക്കുന്നു?
ധാർമികതയുടെ അർത്ഥം താങ്കളെ പറഞ്ഞു പഠിപ്പിക്കാൻ ജീവനിൽ പേടിയുള്ള സിപിഎമ്മുകാർ മുതിരില്ല. അതുകൊണ്ട് ആഭ്യന്തര മന്ത്രിസ്ഥാനം സ്വയം രാജി വെച്ചൊഴിയാൻ താങ്കൾ തന്നെ തയ്യാറാകണം.
ഇടുക്കിയിലെ 15കാരി കുഞ്ഞിന് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അപലപിക്കുന്നു. മുൻകാലങ്ങളിലെ പോലെ, കുറ്റക്കരെ സംരക്ഷിക്കാൻ പിണറായി വിജയനെ അനുവദിക്കില്ല എന്ന് ആ കുഞ്ഞിന്റെ രക്ഷിതാക്കൾക്ക് ഞങ്ങൾ വാക്ക് നൽകുന്നു.ഈ കേസിലും പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചാൽ അതിശക്തമായ പ്രതിഷേധങ്ങളെ നേരിടാൻ സർക്കാർ തയ്യാറെടുത്തുകൊള്ളൂ....