യു.ഡി.എഫിൽ നിന്നുകൊണ്ട് എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്ന പാർട്ടിയായി ലീഗ് മാറി: കെ.സുരേന്ദ്രൻ

'മുസ്‍ലിം ലീഗ് മതേതര പാർട്ടിയാണെന്ന് സി.പി.എമ്മിന് എങ്ങനെയാണ് പറയാൻ കഴിയുന്നത്'

Update: 2022-12-11 07:11 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം:യു.ഡി.എഫിൽ നിന്നുകൊണ്ട് എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്ന പാർട്ടിയായി മുസ്‍ലിം ലീഗ് മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 'സി.പി.എമ്മിനെ പിന്താങ്ങുന്ന ലീഗിന്റെ നിലപാടിനെ കോൺഗ്രസും പിന്തുണക്കുകയാണ്. മുസ്‍ലിം ലീഗ് മതേതര പാർട്ടിയാണെന്ന് സി.പി.എമ്മിന് എങ്ങനെയാണ് പറയാൻ കഴിയുന്നതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

'പ്രതിപക്ഷത്തിന്റെ സമ്മതത്തോടെയാണ് കേരളത്തിൽ ഭരണപക്ഷം സ്വജനപക്ഷപാതവും അഴിമതിയും നടത്തുന്നത്. ഗവർണറുടെ പ്രവർത്തനത്തെ ഭരണപക്ഷത്തോടൊപ്പം ചേർന്ന് കോൺഗ്രസും അട്ടിമറിക്കാൻ ശ്രമിക്കുന്നു. ജനാധിപത്യ വിരുദ്ധ നീക്കത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. സർവകലാശാലകളുടെ തലപ്പത്ത് രാഷ്ട്രീയക്കാരുടെ നോമിനികളെ തിരികെ കയറ്റി ഉന്നത വിദ്യാഭ്യാസരംഗത്തെ ചുവപ്പുവൽക്കരിക്കാൻ സർക്കാർ ശ്രമിക്കുന്നു. ഈ കരിനിയമത്തെ അനുകൂലിക്കുന്ന നിലപാടിലേക്ക് പ്രതിപക്ഷം പോയെന്നും സുരേന്ദ്രൻ പറഞ്ഞു.

'മുസ്‍ലിം ലീഗിന്റെ ഇഷ്ടത്തിന് വഴങ്ങിയാണ് കോൺഗ്രസ് നിലപാട് മാറ്റിയത്. ലജ്ജാകരമായ കീഴടങ്ങലാണ് മുസ്‍ലിം ലീഗിന് മുമ്പിൽ കോൺഗ്രസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നു. ഭരണപക്ഷം ഏതാണ് പ്രതിപക്ഷമേതാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായി.

'പേരിൽ തന്നെ മതത്തിൻറെ പേരുള്ള പാർട്ടിയാണ് മുസ്‍ലിം ലീഗ്. മുസ്‍ലിങ്ങൾ മാത്രമാണ് മുസ്‍ലിം ലീഗിലുള്ളത്. ലീഗ് എങ്ങനെയാണ് സിപിഎമ്മിന് മാലാഖയായി മാറിയത്. അവസരവാദ രാഷ്ട്രീയത്തിന്റെ നിലപാടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News