ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ കഥ കഴിയുമെന്ന് കെ. സുരേന്ദ്രൻ
കോൺഗ്രസ് നേതാക്കളുടെ മനസിൽ ബി.ജെ.പിയായതുകൊണ്ടാണ് ആന്റോ ആന്റണി എം.പി സുധാകരന്റെ പേര് മാറി തന്റെ പേര് വിളിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട്: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ കഥ കഴിയുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. യു.ഡി.എഫ് എന്ന സംവിധാനം തകരും. എൽ.ഡി.എഫിന്റെ വർഗീയ നിലപാടുകളെ ചോദ്യം ചെയ്യാൻ പിന്നെ കേരളത്തിൽ എൻ.ഡി.എ മാത്രമായിരിക്കും ഉണ്ടാവുക. ഇത്തവണ കേരളത്തിൽ എൻ.ഡി.എ അക്കൗണ്ട് തുറക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പി.എഫ്.ഐയെ നിരോധിച്ച ശേഷവും കേരളത്തിൽ അവർക്ക് സഹായകരമായ നിലപാടാണ് പൊലീസും സർക്കാരും സ്വീകരിക്കുന്നത്. മന്നത്ത് പത്മനാഭനെതിരെ വന്ന ദേശാഭിമാനി ലേഖനത്തിൽ കോൺഗ്രസും മൗനം പാലിച്ചു. നവോഥാന നായകൻമാരെ സംരക്ഷിച്ചാൽ മുസ്‌ലിം വോട്ട് നഷ്ടപ്പെടുമെന്ന ഭയമാണ് കോൺഗ്രസിന്. വർഗീയ ശക്തികളെ താലോലിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സാമുദായിക ധ്രുവീകരണമുണ്ടാക്കാനാണ് എൽ.ഡി.എഫും യു.ഡി.എഫും ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കോൺഗ്രസ് നേതാക്കളുടെ മനസിൽ ബി.ജെ.പിയായതുകൊണ്ടാണ് ആന്റോ ആന്റണി എം.പി സുധാകരന്റെ പേര് മാറി തന്റെ പേര് വിളിച്ചത്. കോൺഗ്രസ് നേതാക്കളുടെ മനസ്സിൽ പോലും മോദി...മോദി എന്നാണ് ഉള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.