കെ ടെറ്റ് യോഗ്യരല്ലാത്ത അധ്യാപകർക്ക് അവസാന അവസരം; മേയില്‍ പ്രത്യേക പരീക്ഷ നടത്തും

നിലവിൽ യോഗ്യത ഇല്ലാത്ത അധ്യാപകരുടെ കണക്ക് ഇതുവരെ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടില്ല

Update: 2025-03-18 01:45 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കെ ടെറ്റ് യോഗ്യരല്ലാത്ത അധ്യാപകർക്ക് അവസാന അവസരമായി പ്രത്യേക പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ്. ഈ വരുന്ന മേയിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഗവ, എയ്ഡഡ് സ്കൂൾ അധ്യാപകർ കെ ടെറ്റ് പാസായിരിക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലേ വ്യവസ്ഥ പ്രകാരമാണ് നടപടി കടുപ്പിക്കുന്നത്. നിലവിൽ യോഗ്യത ഇല്ലാത്ത അധ്യാപകരുടെ കണക്ക് ഇതുവരെ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടില്ല.

സംസ്ഥാനത്ത് കേരള ടീച്ചർ എബിലിറ്റി ടെസ്റ്റ് പാസാകാത്ത നിരവധി അധ്യാപകർ ഉണ്ടെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ ഇവരുടെ ക്രോഡീകരിച്ച കണക്ക് ഇതുവരെയും സർക്കാർ എടുത്തിട്ടില്ല. യോഗ്യതയില്ലാത്തവരുടെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മറുപടി. പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കുന്നു.

ഇത്തരത്തിൽ കെ ടെറ്റ് ഇല്ലാത്ത അധ്യാപകർക്കുള്ള അവസാന അവസരമാണ് ഈ മെയിൽ നടക്കാനിരിക്കുന്ന പരീക്ഷ. 2023 സെപ്റ്റംബറിലാണ് ഇതിനുമുൻപ് യോഗ്യതയില്ലാതെ നിയമനം നേടിയവർക്കായി പരീക്ഷ നടത്തിയത്. 2011 ജൂലൈ 20ന് ശേഷം യോഗ്യതയില്ലാതെ നിയമനം നേടിയ സർക്കാർ അധ്യാപകർക്കും 2012 ജൂൺ ഒന്നിന് ശേഷം യോഗ്യതയില്ലാതെ നിയമിതരായ എയ്ഡഡ് അധ്യാപകർക്കും വേണ്ടിയായിരുന്നു അന്ന് പരീക്ഷ നടത്തിയത്. എന്നാൽ ഇതിൽ ഭൂരിഭാഗം പേർക്കും പരീക്ഷ പാസാകാൻ സാധിച്ചില്ല. അതുകൊണ്ട് കൂടിയാണ് അവസാന അവസരം എന്ന നിലയ്ക്ക് ഒരിക്കൽ കൂടി പരീക്ഷ നടത്തുന്നത്. നിയമനം ലഭിച്ച അഞ്ചുവർഷമായ അധ്യാപകർക്ക് യോഗ്യത ആവശ്യമില്ല എന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത് വ്യാജപ്രചരണം ആണെന്നും യോഗ്യതയില്ലാത്തവർ പരീക്ഷ എഴുതണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News