കാലടി പൊലീസ് സ്റ്റേഷൻ അതിക്രമം; എം.എൽ.എമാരായ റോജി എം.ജോൺ, സനീഷ് കുമാർ എന്നിവർക്കെതിരെ കേസ്
സി.പി.എമ്മിന്റെ ക്വട്ടേഷനെടുത്താണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും നിയമപരമായി കേസിനെ നേരിടുമെന്നും റോജി എം ജോണ്‍
കാലടി: കാലടി പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് എംഎല്‍മാരായ റോജി എം ജോണ്‍, സനീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ എന്നതടക്കം എട്ട് വകുപ്പുകള്‍ ചുമത്തിയാണ് കാലടി പൊലീസ് കേസെടുത്തത്.
പ്രതികളെ ലോക്കപ്പില്‍ നിന്ന് മോചിപ്പിച്ച് കൊണ്ടുപോകാനുളള ശ്രമം, സംഘം ചേര്‍ന്ന് ഭീകാരാന്തരീക്ഷം സൃഷ്ടിക്കല്‍, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങളാണ് എംഎല്‍ക്കെതിരെ എഫ്ഐആറില്‍ പറയുന്ന മറ്റ് കുറ്റങ്ങള്‍. ഐപിസി 143, 145,149 തുടങ്ങി എട്ട് വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന മറ്റ് 13 പേര്‍ക്കെതിരെയും കേസുണ്ട്.
സി.പി.എമ്മിന്റെ ക്വട്ടേഷനെടുത്താണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും നിയമപരമായി കേസിനെ നേരിടുമെന്നും റോജി എം ജോണ്‍ പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും ലോക്കപ്പിനകത്തുണ്ടായിരുന്ന കെ.എസ്.യു പ്രവര്‍ത്തകരെ പുറത്തിറക്കി കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചയായതിന് പിന്നാലെയാണ് എംഎല്‍എമാര്‍ക്കെതിരെ കാലടി പൊലീസ് നടപടിയെടുത്തത്.
കാലടി ശ്രീ ശങ്കര കോളജിലുണ്ടായ സംഘര്‍ഷവുമായിബന്ധപ്പെട്ട് കെ.എസ്.യു ഭാരവാഹികളെയടക്കം അകാരണമായി അറസ്റ്റ് ചെയ്തുവെന്നാരോപിച്ചായിരുന്നു എംഎല്‍എംമാരുടെ നേതൃത്വത്തില്‍ ഇന്നലെ കാലടി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്.