കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ഇടനിലക്കാരനും കുഞ്ഞിനെ കൈവശം വച്ച ദമ്പതികളും ഒളിവിൽ
പോലീസ് കസ്റ്റഡിയിൽ എടുക്കാനിരിക്കെയാണ് ഇടനിലക്കാരന്‍ ഒളിവിൽ പോയത്.
എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസില്‍ കുഞ്ഞിനെ കൈമാറിയതിൽ ഇടനിലക്കാരനായി പ്രവർത്തിച്ച തൃപ്പൂണിത്തുറ സ്വദേശി ഒളിവിൽ. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കാനിരിക്കെയാണ് ഒളിവിൽ പോയത്. കുഞ്ഞിനെ കൈവശം വച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളും ഒളിവിലാണ്. പൊലീസ് ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.
ഇടനിലക്കാരനെ ചോദ്യം ചെയ്യുന്നതിലൂടെ നിയമവിരുദ്ധമായ ദത്ത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കുഞ്ഞിനെ കൈമാറിയതിൽ പണം ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.
പണമിടപാട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഇടനിലക്കാരനെയും പ്രതിചേർക്കും. അതിനിടെ കേസിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതിയായ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനായുള്ള അന്വേഷണവും പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.