കളമശ്ശേരി സ്‌ഫോടനം: കേരളത്തെ നടുക്കിയ ഭീകരാക്രമണത്തിന് ഒരാണ്ട്

സ്ഫോടനത്തിന് പിന്നാലെ വിദ്വേഷ പ്രചാരണങ്ങളുടെ വലിയ വിസ്ഫോടനം തന്നെയുണ്ടായി. പ്രതി മാർട്ടിനാണെന്ന് സ്ഥിരീകരിച്ചതോടെ ഭീകരവാദ കഥകളെല്ലാം അപ്രത്യക്ഷമായി. ഗൂഢാലോചനാ സിദ്ധാന്തം ഇല്ലാതായി. 'കളമശ്ശേരി സ്‌ഫോടനത്തിന് ഭീകരബന്ധമില്ല' എന്നായിരുന്നു ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്റെ തലക്കെട്ട്. കേന്ദ്ര ഏജൻസികൾക്കും വലിയ താത്പര്യമില്ലാതായി. ഒടുവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭീകരാക്രമണക്കേസ് പ്രതിക്കെതിരെ യുഎപിഎ ചുമത്താൻ സർക്കാർ അനുമതി കൊടുത്തില്ല എന്ന വാർത്തയോടെയാണ് സംഭവത്തിന് ഒരു വർഷം തികയുന്നത്.

Update: 2024-10-28 12:17 GMT
Advertising

കൊച്ചി: സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തിന് നാളെ ഒരു വർഷം തികയുന്നു. 2023 ഒക്ടോബർ 29നാണ് കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെന്ററിൽ യഹോവാ സാക്ഷികളുടെ പ്രാർഥനാസ്ഥലത്ത് സ്‌ഫോടനമുണ്ടായത്. 12 വയസുള്ള പെൺകുട്ടിയടക്കം എട്ടുപേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. തൊടുപുഴ സ്വദേശിനി കുമാരി പുഷ്പൻ (53), കുറുപ്പുംപടി സ്വദേശനി ലെയോണ (55), മലയാറ്റൂർ സ്വദേശിനി ലിബ്ന (12) ലിബ്നയുടെ മാതാവ് സാലി (45), സഹോദരൻ പ്രവീൺ (24), ആലുവ മുട്ടം സ്വദേശി മോളി ജോയ് (61), തൊടുപുഴ സ്വദേശി കെ.എ. ജോൺ (77), ഇടുക്കി സ്വദേശി ലില്ലി ജോൺ എന്നിവരാണ് കൊല്ലപ്പെട്ടത്.

രാവിലെ 9.30നാണ് ആദ്യ സ്‌ഫോടനമുണ്ടായത്. വൈകാതെ രണ്ട് സ്‌ഫോടനങ്ങൾ കൂടിയുണ്ടായി. സ്‌ഫോടനത്തിൽ ആദ്യം മൂന്നുപേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. 55 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലർക്കും ഒരു വർഷത്തോളം ചികിത്സയിൽ കഴിയേണ്ടിവന്നു. എറണാകുളം സ്വദേശി ഡൊമിനിക് മാർട്ടിനാണ് കേസിലെ ഏക പ്രതി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത മാർട്ടിൻ നേരിട്ട് പൊലീസ് സ്റ്റഷനിൽ എത്തുകയായിരുന്നു.

യഹോവാ സാക്ഷികളോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ കാരണമെന്നാണ് മാർട്ടിൻ പറഞ്ഞത്. യഹോവാ സാക്ഷികളുടെ സഭയിൽ അംഗമായിരുന്ന മാർട്ടിൻ പിന്നീട് ഇവരുമായി തെറ്റിപ്പിരിയുകയായിരുന്നു. സഭ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്തിയില്ലെന്നും ഇതിലുള്ള പകയാണ് സ്‌ഫോടനം നടത്താൻ കാരണമെന്നുമാണ് മാർട്ടിൻ പറഞ്ഞത്. ഇന്റർനെറ്റിൽ നോക്കി വീട്ടിൽവച്ച് ബോംബ് നിർമിക്കുകയായിരുന്നു. സംഭവദിവസം രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നിറങ്ങിയ മാർട്ടിൻ കൺവെൻഷൻ സെന്ററിൽ നാലിടത്തായാണ് ബോംബുകൾ സ്ഥാപിച്ചത്. പെട്രോളും വെടിമരുന്നും ബോംബ് നിർമാണത്തിനായി ഉപയോഗിച്ചു.

സ്‌ഫോടനത്തിന് പിന്നാലെ അത്താണിയിലെ വീട്ടിലെത്തിയ ശേഷം കൊരട്ടിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു. തുടർന്നാണ് ഫേസ്ബുക്ക് ലൈവിൽ വന്ന് താനാണ് സ്‌ഫോടനം നടത്തിയതെന്ന് മാർട്ടിൻ വെളിപ്പെടുത്തിയത്. യുഎപിഎ, സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കൽ, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. യുഎപിഎ പിന്നീട് ഒഴിവാക്കി. സർക്കാർ അനുമതി നൽകാത്തതുകൊണ്ടാണ് യുഎപിഎ ഒഴിവാക്കിയത് എന്നാണ് പൊലീസ് പറഞ്ഞത്.

ഈ വർഷം ഏപ്രിലിലാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 3578 പേജുള്ള കുറ്റപത്രമാണ് പൊലീസ് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. തൃക്കാക്കര ജില്ലാ ജയിലിൽ കഴിയുന്ന ഡൊമിനിക് മാർട്ടിൻ കൂടുതൽ സമയവും പുസ്തക വായനക്കാണ് സമയം നീക്കിവെക്കുന്നത് എന്നാണ് ജയിൽ വൃത്തങ്ങൾ പറയുന്നത്. കേസ് സ്വയം വാദിക്കുകയാണ് എന്നാണ് മാർട്ടിൻ കോടതിയെ അറിയിച്ചത്.

സ്‌ഫോടനം നടന്നതിന് പിന്നാലെ ഒരു സമുദായത്തിനെതിരെ വലിയ വിദ്വേഷ പ്രചാരണമാണ് നടന്നത്. ഒരു കേന്ദ്രത്തിൽനിന്ന് ആസൂത്രിതമായി പടച്ചുവിടുന്നതെന്ന് സംശയിക്കാവുന്ന തരത്തിലുള്ള പ്രചാരണമാണ് ഉണ്ടായത്. സ്‌ഫോടന വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ലൈവ് വാർത്താ ചാനലുകളുടെ കമന്റ് ബോക്‌സിൽ വലിയ വിദ്വേഷപ്രചാരണമുണ്ടായി. ഇത് അതിരുവിട്ടതോടെ ചാനലുകൾക്ക് ചാറ്റ് ബോക്‌സ് ഓഫ് ചെയ്യേണ്ടിവന്നത് കേരളത്തിലെ മാധ്യമപ്രവർത്തന ചരിത്രത്തിൽ അപൂർവ സംഭവമായിരുന്നു. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യക്കെതിരെ കേരളത്തിൽ വലിയ ജനരോഷം ഉയരുന്ന ഘട്ടത്തിലാണ് സ്‌ഫോടനമുണ്ടായത്. ഹമാസിനെ പിന്തുണയ്ക്കുന്നവരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന പ്രചാരണമുണ്ടായി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിദ്വേഷപ്രചാരണത്തെ മുന്നിൽനിന്ന് നയിച്ചു.



രാജീവ് ചന്ദ്രശേഖർ, പ്രതീഷ് വിശ്വനാഥ്, അനിൽ ആന്റണി, സന്ദീപ് വാര്യർ, അനിൽ നമ്പ്യാർ, ഷാജൻ സ്‌കറിയ, സുജയ പാർവതി, മറുനാടൻ മലയാളി, കർമ ന്യൂസ്, റിപ്പോർട്ടർ തുടങ്ങിയ മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് കേന്ദ്രമന്ത്രിയടക്കമുള്ളവർക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി അറിയിച്ചത്.

സ്‌ഫോടനം നടത്തിയത് മുസ്‌ലിംകളാണെന്ന മുൻവിധിയോടെയാണ് പൊലീസും അന്വേഷണം തുടങ്ങിയത്. പാനായിക്കുളം സിമി കേസിൽ കോടതി വെറുതെവിട്ട നിസാം, സത്താർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാർട്ടിൻ ഉത്തരവാദിത്തമേറ്റെടുത്തിട്ടും ഇവരെ വിടാൻ പൊലീസ് തയ്യാറായിരുന്നില്ല. തങ്ങളെ അനാവശ്യമായി പൊലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് നിസാം രംഗത്തെത്തിയെങ്കിൽ കാര്യമായ നടപടിയൊന്നുമുണ്ടായില്ല.

സ്‌ഫോടനം നടന്നതിന് പിന്നാലെ വലിയ കോലാഹലങ്ങളാണ് ഉണ്ടായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് വിവരങ്ങൾ തേടി. ഏഷ്യാനെറ്റ്, ന്യൂസ് 18 ചാനലുകൾ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തതായി വാർത്ത കൊടുത്തു. താടിയും തൊപ്പിയുമുള്ള ഒരു ഗുജറാത്ത് സ്വദേശിയുടെ ചിത്രവും ന്യൂസ് 18 പുറത്തുവിട്ടു. ഹമാസിനെ പിന്തുണക്കുന്നവർ യഹോവാ സാക്ഷികൾ ജൂതൻമാരാണെന്ന് കരുതി ആക്രമിച്ചതാകാമെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് യഹോവാ സാക്ഷികളെ ലക്ഷ്യമിട്ടതെന്നായിരുന്നു മാതൃഭൂമി ന്യൂസ് സ്റ്റോറി.

റിപ്പോർട്ടർ ചാനൽ മുൻ തലവനും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ നികേഷ് കുമാർ ഇസ്രായേൽ-ഫലസ്തീൻ യുദ്ധവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്ന് തത്സമയ പരിപാടിയിൽ സംശയം ഉയർത്തി. പശ്ചിമേഷ്യൻ സാഹചര്യവുമായി സംഭവത്തെ ബന്ധിപ്പിക്കാമോ എന്ന് നികേഷ് തത്സമയ പരിപാടിയിൽ ഇടതു സഹയാത്രികനും മുൻ എംപിയുമായ സെബാസ്റ്റ്യൻ പോളിനോട് ചോദ്യമെറിഞ്ഞു. യഹോവ സാക്ഷികളുടെ വിശ്വാസത്തിനു ജൂതന്മാരുമായി സാമ്യതയുണ്ടെന്നും യഹോവ സാക്ഷികളുടെയും യഹോവ ജൂതന്മാരുടെയും ദൈവം ഒന്നുതന്നെയാണെന്നും അവർ കൃസ്ത്യാനികളല്ലെന്നുമെല്ലാം സെബാസ്റ്റ്യൻ പോൾ തട്ടിവിടുന്നു. കേരളത്തിലെ ഫലസ്തീൻ അനുകൂല റാലികൾ എടുത്തുപറഞ്ഞ് നികേഷിന്റെ ചോദ്യത്തിനു ബലംനൽകിയും സ്ഫോടനത്തിനു ഫലസ്തീൻ അനുകൂല ഭീകരവാദ ഭാഷ്യം ചമയ്ക്കുകയായിരുന്നു അദ്ദേഹം.



ഇതേ വാദം ഏറ്റുപിടിച്ച് സംശയങ്ങളെന്ന വ്യാജേന വാർത്തകൾ പടച്ചുണ്ടാക്കി മറുനാടൻ മലയാളിയും ഷാജൻ സ്‌കറിയയും. 'ഇസ്രായേലിനുള്ള തിരിച്ചടിയാണോ കളമശ്ശേരി? ഹമാസ് പ്രേമി പിണറായിക്കു സുഖമല്ലേ? കളമശ്ശേരിയിൽ നടന്നത് ഇസ്രായേൽ വിരുദ്ധ സ്ഫോടനമോ?'-ഇങ്ങനെ പോകുന്നു ഷാജന്റെ 'നിഷ്‌കളങ്ക' ചോദ്യങ്ങളും സംശയങ്ങളും.

സംഭവം നടന്നു നിമിഷങ്ങൾക്കകം തന്നെ രോഹൻ ദുവാ എന്ന സംഘ്പരിവാർ അനുഭാവമുള്ള മാധ്യമപ്രവർത്തകൻ എക്സിൽ വാർത്ത ബ്രേക്ക് ചെയ്യുന്നുണ്ട്. 'കേരളത്തെ നടുക്കി ജൂതർ താമസിക്കുന്ന കളമശ്ശേരിയിൽ ആസൂത്രിതമായ നാല് സ്ഫോടനങ്ങൾ' എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. ഹമാസ് തലവൻ ഖാലിദ് മിശ്അൽ മലപ്പുറത്ത് നടന്ന ഫലസ്തീൻ അനുകൂല റാലിയെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് ഇതു സംഭവിക്കുന്നത് എന്നും ഇതോടൊപ്പം കൂട്ടിച്ചേർത്തിരുന്നു.

രോഹന്റെ എക്സ് പോസ്റ്റും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 'ദ ന്യൂ ഇന്ത്യൻ' എന്ന സംഘ് പോർട്ടൽ പുറത്തുവിട്ട ദൃശ്യങ്ങളും അപ്പാടെ പകർത്തി രാജ്യത്തെ ഏറ്റവും പ്രമുഖമായ വാർത്താ ഏജൻസിയായ 'എഎൻഐ'. A day after Hamas leader's virtual address, multiple explosions rock Kerala prayer meeting എന്ന തലക്കെട്ടോടെ ഏജൻസി തങ്ങളുടെ യൂട്യൂബ് ചാനലിലടക്കം സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടു.

ഇതേ വ്യാഖ്യാനം അതേപടി ദേശീയ മാധ്യമങ്ങളും ഏറ്റുപിടിച്ചു. ഹിന്ദുസ്ഥാൻ ടൈംസ്, ഡി.എൻ.എ, ഫസ്റ്റ് പോസ്റ്റ്, ഇന്ത്യ ഡോട്ട് കോം ഉൾപ്പെടെയുള്ള മാധ്യമങ്ങളെല്ലാം അക്കൂട്ടത്തിലുണ്ട്. നെറ്റ്‌വർക്ക്‌ 18 എക്സിക്യൂട്ടീവ് എഡിറ്ററും ദേശീയ മാധ്യമരംഗത്തെ സെലിബ്രിറ്റി താരവുമായ രാഹുൽ ശിവശങ്കർ ഒരുപടി കൂടി കടന്നു. ഹമാസ് നേതാവ് ഖാലിദ് മിശ്അൽ ജമാഅത്ത് റാലിയിൽ പ്രതികാരാഹ്വാനം നടത്തിയെന്നും മണിക്കൂറുകൾ പിന്നിടും മുമ്പ് ക്രിസ്ത്യൻ പ്രാർഥനാ ചടങ്ങിൽ സ്ഫോടന പരമ്പര നടക്കുന്നുവെന്നും എക്സിൽ കുറിച്ചു. കത്തോലിക്കാ സഭ ഹമാസ് ആക്രമണത്തിൽ നടത്തിയ പ്രതികരണവും ഇതോട് ചേർത്തുവച്ചു.



സംഘ്പരിവാർ നേതാക്കൾ ഇതൊരു വീണുകിട്ടിയ 'സുവർണാവസരം' പോലെ ശരിക്കും മുതലാക്കി. കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മുതൽ ദേശീയ സെക്രട്ടറി അനിൽ ആന്റണിയും സന്ദീപ് വാര്യരും ഹിന്ദു ഐക്യവേദി നേതാക്കളായ ആർ.വി ബാബുവും ശശികലയുമെല്ലാം ഒട്ടുംവൈകിയില്ല, സംഭവത്തിന്റെ 'ദിശ' ചൂണ്ടിയായിരുന്നു ഇവരുടെ പരസ്യപ്രതികരണങ്ങൾ.

ഹമാസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ചേർത്തായിരുന്നു രാജീവ് ചന്ദ്രശേഖർ എക്‌സ് പോസ്റ്റ്. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുമ്പോഴും അഴിമതിയാരോപണങ്ങളാൽ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഉദാഹരണം കൂടിയാണ് കളമശ്ശേരിയിൽ ഇന്ന് കണ്ടതെന്നായിരുന്നു മന്ത്രിയുടെ ആരോപണം. കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങളിലൂടെ നിരപരാധികളായ ക്രിസ്ത്യാനികൾക്കുനേരെ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടക്കുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രായേലിനെതിരേ പ്രതിഷേധിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

കേരളത്തിലെ ഭീകരവാദ പ്രവർത്തനങ്ങളുടെ ഫലമാണ് കളമശ്ശേരി സ്ഫോടനമെന്ന് വി. മുരളീധരൻ. എൻ.ഐ.എയും എൻ.എസ്.ജിയും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സംഭവത്തിൽ അന്വേഷണം ആരംഭിച്ചുകഴിഞ്ഞെന്നും മന്ത്രി മാധ്യമങ്ങളോട്. കൂട്ടത്തിൽ കൃസ്ത്യൻ വിഭാഗങ്ങൾക്കെതിരായ ഭീകരാക്രമണങ്ങൾ അന്വേഷിക്കണമെന്നൊരു ആവശ്യവും മന്ത്രിയുടെ വക.

കേരളത്തിൽ ആക്രമണങ്ങളും സ്ഫോടനങ്ങളുമെല്ലാം ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും പിണറായി വിജയൻ സർക്കാരിന്റെ വീഴ്ചയാണെന്നുമായിരുന്നു കെ. സുരേന്ദ്രന്റെ പ്രതികരണം. കേരളത്തിൽ മതമൗലികവാദ സംഘടനങ്ങൾ വളർന്നുകൊണ്ടിരിക്കുകയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും മുസ്‌ലിം ലീഗുമെല്ലാം ചേർന്ന് കേരളത്തെ നശിപ്പിക്കുകയാണെന്നും അനിൽ ആന്റണി. 'ഭീകരാക്രമണത്തിന്' ഉത്തരവാദികൾ സുരക്ഷാ വീഴ്ച വരുത്തിയ കേരള സർക്കാരും ഹമാസ് ഭീകരതയെ ഉളുപ്പില്ലാത്തെ ന്യയീകരിച്ച സി.പി.എം-കോൺഗ്രസ് നേതാക്കളുമാണെന്ന് സന്ദീപ് വാര്യർ. കളമശ്ശേരിയിലെ ഭീകരാക്രമണം അപ്രതീക്ഷിതമല്ലെന്നും കുന്തിരിക്കം വാങ്ങിവച്ചോളാൻ നേരത്തെ പറഞ്ഞതാണല്ലോയെന്നും വാര്യർ.

കേരളത്തിലെ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ നിരോധിക്കാൻ ആവശ്യപ്പെടുകയാണ് ആർ.വി ബാബു ചെയ്തത്. ഈ സമ്മേളനങ്ങൾ ഉയർത്തിവിട്ട ഇസ്രായേൽ വിരുദ്ധ വികാരമാകാം യഹോവസാക്ഷികളുടെ സമ്മേളനത്തിലെ ബോംബ് സ്ഫോടനത്തിനു കാരണമെന്നും ഹമാസ് നേതാവിനെ പങ്കെടുപ്പിച്ച സമ്മേളനം മതവികാരം വളർത്താൻ കാരണമായിട്ടുണ്ടെന്നും ആർ.വി ബാബു തുടരുന്നു. കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഫലസ്തീൻ ഐക്യദാർഢ്യത്തെ സൂക്ഷിക്കാൻ കേരളത്തോട് ആഹ്വാനം ചെയ്യുകയായിരുന്നു ശശികല.

Full View

സംഘ്പരിവാർ നേതാക്കളുടെ മുതലെടുപ്പ് അപ്രതീക്ഷിതമായിരുന്നില്ല. എന്നാൽ, സ്ഫോടനത്തെ ഫലസ്തീൻ വിഷയവുമായി കൂട്ടിച്ചേർത്ത പൊതുബോധത്തോട് ചേർന്നുനിന്നുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം ശരിക്കും ആശ്ചര്യകരമായി. ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''ലോകമെമ്പാടും ഫലസ്തീൻ ജനവിഭാഗങ്ങൾക്കൊപ്പം അണിനിരന്നു മുന്നോട്ടുപോകുമ്പോൾ, കേരള ജനത ഒന്നാകെ ഫലസ്തീൻ ജനതയ്ക്ക് ഒപ്പംനിന്നു പൊരുതുമ്പോൾ, അതിൽനിന്ന് ജനശ്രദ്ധ മാറ്റാൻ പര്യപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശന നിലപാട് സ്വീകരിക്കും.''

Full View

അതിനെതിരെ സർക്കാരും ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി അപലപിക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. രാഷ്ട്രീയമായി പരിശോധിച്ചാൽ ഈയൊരു പശ്ചാത്തലത്തിലുള്ള സംഭവം ഭീകരപ്രവർത്തനത്തിന്റെ ഭാഗം തന്നെയാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പാർട്ടി നേതാക്കൾ നടത്തിയ സൂക്ഷ്മവും ജാഗരൂകവുമായ പ്രതികരണത്തിൽനിന്നു വ്യത്യസ്തമായായിരുന്നു സെക്രട്ടറിയുടെ വിശദീകരണം.

എന്നാൽ രാവിലെ മുതൽ മാധ്യമങ്ങൾ മെനഞ്ഞുണ്ടാക്കിക്കൊണ്ടുവന്ന ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും സംഘ്പരിവാർ നേതാക്കന്മാരുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലെയും നുണക്കഥകളും പൊളിയാൻ അധികം സമയം വേണ്ടിവന്നില്ല. മണിക്കൂറുകൾക്കകം സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഒരാൾ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിലെത്തുന്നു; പേര് ഡൊമിനിക് മാർട്ടിൻ. തെളിവുകൾ സഹിതം താൻ തന്നെയാണു കൃത്യം നടത്തിയതെന്നു വാദിച്ച് പൊലീസിൽ കീഴടങ്ങുകയായിരുന്നു എറണാകുളം തമ്മനം സ്വദേശിയായ മാർട്ടിൻ.

ഇതിനുശേഷവും വ്യാജപ്രചാരവേലകൾ ചാനലുകളിലും സോഷ്യൽ മീഡിയയിലും തുടർന്നു. മാധ്യമങ്ങൾക്കു മുന്നിലെത്തിയ പൊലീസ് മേധാവി മാർട്ടിന്റെ വെളിപ്പെടുത്തലിനെ അത്ര വലിയ കാര്യമല്ലെന്ന മട്ടിലാണ് അവതരിപ്പിച്ചത്. മറ്റ് അന്വേഷണങ്ങൾ തുടരുകയാണെന്നും വ്യക്തമാക്കി.

എന്നാൽ, കൃത്യത്തിനുള്ള ന്യായങ്ങൾ നിരത്തിയുള്ള മാർട്ടിന്റെ ഫേസ്ബുക്ക് ലൈവ് പുറത്തുവരികയും സോഷ്യൽ മീഡിയ ഏറ്റുപിടിക്കുകയും ചെയ്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. യഹോവ പ്രസ്ഥാനം ദേശവിരുദ്ധരാണെന്നും അവരോടുള്ള കടുത്ത വിയോജിപ്പാണ് ഇത്തരമൊരു കൃത്യത്തിലേക്കു നയിച്ചതെന്നും മാർട്ടിൻ വിശദീകരിച്ചു. നിമിഷങ്ങൾക്കകം ഇയാളുടെ പോസ്റ്റും അക്കൗണ്ടും അപ്രത്യക്ഷമായി.

ഫേസ്ബുക്ക് ലൈവിലെ പ്രസക്ത ഭാഗങ്ങൾ:

'16 വർഷത്തോളം പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ആളാണ് ഞാൻ. അന്നൊന്നും ഇതിലെ കാര്യങ്ങളൊന്നും തന്നെ ഞാൻ സീരിയസായി എടുത്തിരുന്നില്ല. എല്ലാം ഒരു തമാശയായിരുന്നു. എന്നാൽ ആറു വർഷം മുമ്പ് ഇതിലെ തെറ്റുകൾ ഞാൻ തിരിച്ചറിയാൻ തുടങ്ങി. യഹോവ സാക്ഷികൾ എന്നത് വളരെ തെറ്റായ ഒരു പ്രസ്ഥാനമാണെന്നും ഇതിൽ പഠിപ്പിക്കുന്നതൊക്കെ രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നും ഞാൻ മനസ്സിലാക്കിയത് അപ്പോഴാണ്. ആ തെറ്റുകൾ തിരുത്തണമെന്ന് പലവട്ടം അവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആരും അത് കണക്കിലെടുക്കാൻ കൂട്ടാക്കിയില്ല'.

ഒരു രാജ്യത്ത് ജീവിച്ച് ആ രാജ്യത്തെ ജനങ്ങളെ മുഴുവൻ മോശക്കാരാക്കി, അവരെ നശിച്ചു പോകുന്ന സമൂഹമെന്ന് വിളിച്ച് അവരുടെ കൂടെ കൂടരുതെന്നും ഭക്ഷണം കഴിക്കരുതെന്നുമൊക്കെ പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണിത്. അതെനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

നാലു വയസ്സുള്ള കുട്ടിയോട് അവർ പറയുന്നത് മറ്റ് കുട്ടികളുടെ അടുത്ത് നിന്ന് ഒന്നും വാങ്ങിക്കഴിക്കരുതെന്നാണ്... ദേശീയഗാനം പാടരുതെന്നാണ്... ഇത്ര ചെറുപ്പത്തിലേ ഇത്രയധികം വിഷമാണ് കുട്ടികളുടെ മനസ്സിലിവർ കുത്തിവയ്ക്കുന്നത്. വോട്ട് ചെയ്യരുത്, മിലിട്ടറി സർവീസിൽ ചേരരുത്, സർക്കാർ ജോലിക്ക് പോകരുത് എന്നു വേണ്ട ടീച്ചറാകാൻ പോലും പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക് അനുവാദമില്ല. ഇതെല്ലാം നശിച്ചു പോകാനുള്ളവരുടെ പണിയാണെന്നാണ് വാദം.

വിശ്വാസം ഒരു തെറ്റൊന്നുമല്ല. പക്ഷേ ഭൂമിയിലെ എല്ലാവരും നശിച്ചു പോകും നമ്മൾ മാത്രം ജീവിക്കും എന്നാണ് ഈ സഭ പഠിപ്പിക്കുന്നത്. 850കോടി ജനങ്ങളുടെ നാശം ആഗ്രഹിക്കുന്ന ഒരു ജനവിഭാഗത്തെ എന്താണ് ചെയ്യുക? ഇതിനെതിരെ പ്രതികരിച്ചേ പറ്റൂ.

ഈ പ്രസ്ഥാനം രാജ്യത്തിന് അപകടകരമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്. ഒരു രാഷ്ട്രീയപ്പാർട്ടിയും ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടില്ല. മതമെന്നാൽ പേടിയാണവർക്ക്. ഇതുപോലെയുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അവർ കണ്ണടയ്ക്കുന്നത് കൊണ്ടാണ് എന്നെപ്പോലെയുള്ളവർക്ക് ജീവൻ ബലി കൊടുക്കേണ്ടി വരുന്നത്. സഹജീവികളെ വേശ്യ എന്ന് വിളിക്കുന്ന ചിന്താഗതി എത്രമാത്രം അധഃപതിച്ചതാണ്. ഇതൊക്കെ തെറ്റാണെന്ന് അവർക്ക് ബോധ്യപ്പെടണമെങ്കിൽ ആരെങ്കിലുമൊക്കെ പ്രതികരിച്ചേ മതിയാകൂ...

മറ്റുള്ളവരെ ബഹുമാനിക്കണം, സ്നേഹിക്കണം എന്നൊക്കെ അവർ ലഘുലേഖകളിൽ പറയും... എന്നാൽ അതൊക്കെയും എന്തെങ്കിലും കേസ് വരുമ്പോൾ വാദിക്കാനുള്ള തെളിവ് മാത്രമാണ്. പ്രളയത്തിന്റെ സമയത്ത് യഹോവ സാക്ഷികളുടെ വീട് മാത്രം നോക്കി വൃത്തിയാക്കാൻ മുന്നിട്ട് നിന്നവരാണിവർ.

ഈ തെറ്റായ ആശയം അവസാനിപ്പിച്ചേ പറ്റൂ എന്ന് വളരെ ചിന്തിച്ചുറപ്പിച്ച ശേഷമാണ് ഞാനിങ്ങനെ ഒരു തീരുമാനമെടുത്തത്. നിങ്ങളെങ്ങനെയും വിശ്വസിച്ചോളൂ... എന്നാൽ അന്നം തരുന്ന നാട്ടിലെ ജനങ്ങളെ വേശ്യാ സമൂഹമെന്ന് വിളിക്കുന്ന ചിന്താഗതി ഈ നാട്ടിൽ വേണ്ട. ആ വിശ്വാസം ഒരിക്കലും വളർത്താനാവില്ല. ഈ പ്രസ്താവന ഈ നാട്ടിൽ ആവശ്യമില്ല എന്ന് മനസ്സിലാക്കിയിട്ടാണ് ഇത്തരമൊരു തീരുമാനം'

താൻ പൊലീസിൽ കീഴടങ്ങാൻ പോവുകയാണെന്നും തന്നെയാരും അന്വേഷിച്ച് വരേണ്ടെന്നും പറഞ്ഞാണ് മാർട്ടിൻ ലൈവ് അവസാനിപ്പിക്കുന്നത്. സ്ഫോടനത്തിന്റെ രീതി മാധ്യമങ്ങൾ വെളിപ്പെടുത്തരുതെന്നും ഇത് വലിയ വിപത്ത് സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും ലൈവിനൊടുവിൽ ഇയാൾ നൽകുന്നുണ്ട്.

Full View

പിന്നാലെ സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരണവും വന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് സ്ഥിരീകരണമെന്നും പ്രതിയുടെ കൈയിൽനിന്ന് പൊലീസിന് സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ട് ഉൾപ്പെടെ ലഭിച്ചതായും വിശദീകരണം വരികയായിരുന്നു. മാർട്ടിൻ പിടിയിലായതോടെ ഭീകരവാദ കഥകളെല്ലാം അപ്രത്യക്ഷമായി. ഗൂഢാലോചനാ സിദ്ധാന്തം ഇല്ലാതായി. 'കളമശ്ശേരി സ്‌ഫോടനത്തിന് ഭീകരബന്ധമില്ല' എന്നായിരുന്നു ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്റെ തലക്കെട്ട്. കേന്ദ്ര ഏജൻസികൾക്കും വലിയ താത്പര്യമില്ലാതായി. ഒടുവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭീകരാക്രമണക്കേസ് പ്രതിക്കെതിരെ യുഎപിഎ ചുമത്താൻ സംസ്ഥാന സർക്കാർ അനുമതി കൊടുത്തില്ല എന്ന വാർത്തയോടെയാണ് സംഭവത്തിന് ഒരു വർഷം തികയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News