കല്യാശ്ശേരിയിലെ കള്ളവോട്ട്: സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം ആറുപേർക്കെതിരെ കേസ്

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേഷാണ് ഒന്നാം പ്രതി

Update: 2024-04-19 12:35 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ വീട്ടിലെ വോട്ടിൽ  കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേഷാണ് ഒന്നാം പ്രതി. അഞ്ച് പോളിങ് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. കണ്ണൂര്‍ കണ്ണപുരം പൊലീസാണ് കേസെടുത്തത്. കല്യാശ്ശേരിയിൽ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവും കല്യാശ്ശേരി സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശ് ചെയ്തുവെന്നായിരുന്നു പരാതി. പരാതിക്ക് പിന്നാലെ വോട്ടിങ്ങിലെ ബാഹ്യ ഇടപെടൽ തടയുന്നതിൽ വീഴ്ചവരുത്തിയ അഞ്ച് ഉദ്യോഗസ്ഥരെ ജില്ലാ കലക്ടർ സസ്പെന്‍ഡ് ചെയ്തിരുന്നു.

ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത പ്രായമായവര്‍ക്ക് വീട്ടില്‍ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇങ്ങനെ വോട്ട് ചെയ്യുന്ന സമയത്താണ് കള്ളവോട്ട് ചെയ്തെന്ന പരാതി ഉയര്‍ന്നത്. പ്രായമുള്ളവര്‍ക്ക് വോട്ട് ചെയ്യാനായി അടുത്ത ബന്ധുക്കളുടെ സഹായം തേടാം. എന്നാല്‍ വോട്ടറുമായി യാതൊരു ബന്ധവുമില്ലാത്ത ഗണേശന്‍ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതിന് സാക്ഷികളായ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. കള്ളവോട്ട് ചെയ്യുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

പരാതികൾ ഉയർന്നതിന് പിന്നാലെ വീട്ടിലെ വോട്ടില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News