കാരണമൊന്നും പറയാതെ പരീക്ഷമാറ്റി കണ്ണൂർ സർവകലാശാല; എസ്.എഫ്.ഐ ജാഥയ്ക്കു വേണ്ടിയെന്ന് ആരോപണം

നേരത്തെ എസ്.എഫ്.ഐയുടെ ജില്ലാ സമ്മേളന സമയത്തും കണ്ണൂർ സർവകലാശാല മുഴുവൻ പരീക്ഷകളും മാറ്റിവച്ചതായി പരാതി ഉയര്‍ന്നിരുന്നു

Update: 2022-08-16 06:50 GMT
Editor : Shaheer | By : Web Desk
Advertising

കണ്ണൂർ: എസ്.എഫ്.ഐ അഖിലേന്ത്യാ ജാഥയ്ക്കായി കണ്ണൂർ സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചതായി പരാതി. സർവകലാശാല ഇന്നു നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ കാരണമൊന്നും പറയാതെ മാറ്റിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.

എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു നയിക്കുന്ന ജാഥയ്ക്ക് ഇന്നാണ് കണ്ണൂരിൽ തുടക്കമാകുന്നത്. ഉച്ചയ്ക്കുശേഷം തലശ്ശേരിയിൽ എ. വിജയരാഘവനാണ് ജാഥ ഉദ്ഘാടനം ചെയ്യുന്നത്. ആഗസ്റ്റ് 19ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും. അതിനിടയിലാണ് ഇന്നു നടക്കേണ്ടിയിരുന്ന മുഴുവൻ പരീക്ഷകളും കണ്ണൂർ സർവകലാശാല മാറ്റിവച്ചിരിക്കുന്നത്.

അതേസമയം, പരീക്ഷ മാറ്റിയതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളൊന്നും സർവകലാശാലാ അധികൃതർ നൽകിയിട്ടില്ല. ഇന്നു നടത്താനിരുന്ന ബി.എസ്.സി ഹോണേഴ്‌സ് ഉൾപ്പെടെയുള്ള നാലം സെമസ്റ്റർ ബിരുദ പരീക്ഷകൾ ആഗസ്റ്റ് 25ലേക്ക് മാറ്റിനിശ്ചയിച്ചതായുള്ള അറിയിപ്പ് പുറത്തിറക്കുകകയാണ് ചെയ്തിരിക്കുന്നത്.

എന്നാൽ, എസ്.എഫ്.ഐ ജാഥയ്ക്കു വേണ്ടിയാണ് പരീക്ഷ മാറ്റിയതെന്നാണ് കെ.എസ്.യു, എം.എസ്.എഫ് അടക്കമുള്ള പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി നൽകുമെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പ്രതികരിച്ചു. എം.എസ്.എഫും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്.

Full View

നേരത്തെ എസ്.എഫ്.ഐയുടെ ജില്ലാ സമ്മേളന സമയത്തും സമാനമായ തരത്തിലുള്ള ആരോപണം ഉയർന്നിരുന്നു. അന്ന് കണ്ണൂർ സർവകലാശാല മുഴുവൻ പരീക്ഷകളും മാറ്റിവയ്ക്കുകയാണ് ചെയ്തത്. ഇത് ഏറെ വിവാദമാകുകയും ചെയ്തു.

Summary: ''Kannur University exams were postponed for SFI's all India march'', alleges opposition students' parties

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News