കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലർക്ക് ഗുണ്ടായിസ മനോഭാവം- കെ.എസ്.യു

''കണ്ണൂർ സർവകലാശാലയിൽ കുറച്ചുകാലമായി അഡ്മിനിസ്‌ട്രേഷൻ രംഗത്ത് നിലനിൽക്കുന്ന അസ്വസ്ഥതകളാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ കൂടെ ജോലി ചെയ്തിരുന്ന നാലാമത്തെ സ്റ്റാറ്റിയൂട്ടറി ഓഫീസറാണ് കാലവധി പൂർത്തിയാകാതെ രാജിക്കൊരുങ്ങുന്നത്.''

Update: 2022-05-29 16:01 GMT
Editor : Shaheer | By : Web Desk
Advertising

കണ്ണൂർ: വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ ഏകാധിപത്യ ഭരണമാണ് കണ്ണൂർ സർവകലാശാലയിൽ നടക്കുന്നതെന്ന് കെ.എസ്.യു. തനിക്ക് ഇഷ്ടമില്ലാത്തവരെ എല്ലാം പുകച്ചു പുറത്തുചാടിക്കാൻ മുഖ്യമന്ത്രിയുടെ സംരക്ഷണത്തോടെ ഗുണ്ടായിസ മനോഭാവമാണ് വി.സി പിന്തുടരുന്നത്. ഇതെല്ലാം സർവകലാശാലയെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണെന്നും കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള കുത്തഴിഞ്ഞ ഭരണത്തിലും ഏകാധിപത്യ സമീപനത്തിലും പ്രതിഷേധിച്ച് പ്രോ വൈസ് ചാൻസലറും രാജിക്കൊരുങ്ങുന്നുവെന്ന വാർത്ത ഞെട്ടിക്കുന്നതും ഗൗരവതരവുമാണ്. വി.സിയുടെ ഗുണ്ടായിസ മനോഭാവംമൂലം പരമ്പരയായി യൂനിവേഴ്‌സിറ്റിയിൽ വീഴ്ചകളുണ്ടായിക്കൊണ്ടിരിക്കുകയാണ്. കണ്ണൂർ സർവകലാശാലയിൽ കുറച്ചുകാലമായി അഡ്മിനിസ്‌ട്രേഷൻ രംഗത്ത് നിലനിൽക്കുന്ന അസ്വസ്ഥതകളാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ കൂടെ ജോലി ചെയ്തിരുന്ന നാലാമത്തെ സ്റ്റാറ്റിയൂട്ടറി ഓഫീസറാണ് കാലവധി പൂർത്തിയാകാതെ രാജിക്കൊരുങ്ങുന്നതെന്നും ഷമ്മാസ് ചൂണ്ടിക്കാട്ടി.

''വൈസ് ചാൻസലറുമായി ഒത്തുപോകാൻ കഴിയാത്തതിനാൽ ആദ്യം രാജിവച്ച് പുറത്തുപോയത് മുൻ പ്രോ വൈസ് ചാൻസലർ പ്രൊഫ. പി.ടി രവീന്ദ്രനാണ്. പിന്നീട് ദീർഘകാലം രജിസ്ട്രാറിന്റെ ചുമതല വഹിച്ചിരുന്ന ജോയിന്റ് റജിസ്ട്രാർ മുഹമ്മദിനെ ഉച്ചയ്ക്ക് ഊണ് കഴിച്ചുവന്നപ്പോൾ ഉച്ച കഴിഞ്ഞ തീയതി വെച്ച് അപമാനിക്കുംവിധം തസ്തികയിൽനിന്ന് നീക്കം ചെയ്തു.''

തുടർച്ചയായുള്ള പരീക്ഷാ നടത്തിപ്പിലെ വീഴ്ചയുടെ ഉത്തരവാദിത്തം കൺട്രോളറുടെ മാത്രം തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കത്തിൽ കടുത്ത പ്രതിഷേധത്തോടെയാണ് ഡോ. പി.ജെ വിൻസെന്റ് കഴിഞ്ഞ ദിവസം കൺട്രോളർ സ്ഥാനം രാജിവച്ചത്. ഏറ്റവുമൊടുവിൽ പ്രോ വൈസ് ചാൻസലർ ഡോ. സാബുവും വൈസ് ചാൻസലറുമായി ഒത്തുപോകാൻ കഴിയാതെ രാജിയിലേക്ക് നീങ്ങുന്നതും വിരൽചൂണ്ടുന്നത് സർവകലാശാലയുടെ തകർച്ചയിലേക്കാണെന്നും പി. മുഹമ്മദ് ഷമ്മാസ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News