തൃക്കാക്കരയിലേത് അഹങ്കാരത്തിനേറ്റ അടി: സമസ്ത കാന്തപുരം വിഭാഗം നേതാവ്

അഹങ്കാരം എത്ര വലിയ രാഷ്ട്രനേതാവാണെങ്കിലും ഭൂഷണമല്ല

Update: 2022-06-05 06:43 GMT
Editor : abs | By : Web Desk
Advertising

കോഴിക്കോട്: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ പരാജയം അഹങ്കാരത്തിനുള്ള തിരിച്ചടിയെന്ന് സമസ്ത കാന്തപുരം വിഭാഗം കേന്ദ്രമുശാവറാ അംഗം അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്. ഏതു വലിയ രാഷ്ട്രനേതാവാണ് എങ്കിലും അഹങ്കാരം ആർക്കും ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. കാരന്തൂർ മർകസിനു കീഴിൽ സംഘടിപ്പിച്ച മഹ്‌റളത്തുൽ ബദ്‌രിയ്യ പ്രാർത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'നൂറു തികയ്ക്കും എന്നഹങ്കാരം പറഞ്ഞവർക്ക് നൂറു തികയ്ക്കാനായില്ല. ബിജെപിക്ക് കെട്ടിവച്ച കാശുപോലും കിട്ടിയില്ല. ഈ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ഒരു സ്ഥാനാർത്ഥിയെ സഭയ്ക്കു മുമ്പിൽ വച്ചു പ്രഖ്യാപിച്ചപ്പോൾ അതു സഭയും തള്ളിക്കളഞ്ഞു. പാർട്ടിയും തള്ളിക്കളഞ്ഞു എന്ന് പാർട്ടിയിലെ മുൻ എംപി അടക്കം ഉറക്കെ പറയുന്ന ഒരവസ്ഥയുണ്ടായി. അഹങ്കാരം എത്രവലിയ രാഷ്ട്രനേതാവാണെങ്കിലും, മുഖ്യമന്ത്രിയാണെങ്കിലും പ്രതിപക്ഷ നേതാവാണെങ്കിലും അത് ആർക്കും ഭൂഷണമല്ല.' - അദ്ദേഹം പറഞ്ഞു.

പരമ്പരാഗതമായി ഇടതു മുന്നണിയോട് ആഭിമുഖ്യം പുലർത്തുന്ന സുന്നി ഗ്രൂപ്പാണ് സമസ്ത കാന്തപുരം വിഭാഗം. തൃക്കാക്കരയിൽ 25016 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് എൽഡിഎഫിലെ ജോ ജോസഫിനെ പരാജയപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പ്രചാരണത്തിന് നേതൃത്വം കൊടുത്ത തെരഞ്ഞെടുപ്പിൽ ഏറ്റ തോൽവി സിപിഎമ്മിന് കനത്ത ആഘാതമായി. 



'മനുഷ്യന്റെ അഹങ്കാരത്തിനൊക്കെ ഒരു പരിധിയുണ്ട്. ഞാനാണ് ഏറ്റവും വലിയ പടച്ചവൻ എന്നു പറഞ്ഞ ഭരണാധികാരികളുടെ ചരിത്രം, ആ ചരിത്രം പറഞ്ഞ ഖുർആന്റെ വക്താക്കളാണ് നമ്മൾ. ഇന്നലെയാണ് തൃക്കാക്കര മണ്ഡലത്തിലെ റിസൽട്ട് വന്നത്. നൂറു തികയ്ക്കും എന്ന് ഡോക്ടർ പറഞ്ഞത് നമ്മൾ കേട്ടതാണ്. അതേസമയം, കേരളത്തിൽ ഒ രാജഗോപാലിന് ശേഷം ആദ്യമായി മറ്റൊരു എംഎൽഎ നിയമസഭയിൽ ഉണ്ടാകുമെന്ന് പറഞ്ഞത് ബിജെപിയാണ്. പി.സി ജോർജിനെപ്പോലുള്ളവരെ കൊണ്ട് എല്ലാ തരം ശക്തമായ വിഷവും പുറത്തേക്ക് ചീറ്റിച്ചു കൊണ്ട് എങ്ങിനെയെങ്കിലും ഇവിടെ വല്ലതും നേടാൻ പറ്റുമോ എന്ന പരീക്ഷണം നടത്തി. എന്നാൽ ഇലക്ഷനിൽ അതിന്റെ ഫലം കോണ്ടോ? ' - ഹുസൈൻ സഖാഫി ചോദിച്ചു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News