സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചു, ദേഹമാസകലം മുറിവേൽപ്പിച്ചു; കാപ്പ കേസ് പ്രതിക്ക് ക്രൂരമർദനം
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് മർദനത്തിന് കാരണമെന്നാണ് വിവരം.
കൊച്ചി: കാപ്പ കേസ് പ്രതിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രണ്ട് കാപ്പ കേസ് പ്രതികളടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അടയ്ക്കാത്തോട് പടിയക്കണ്ടത്തിൽ ജെറിൽ പി ജോർജ് (25)നെ ക്രൂരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഏഴംകുളം നെടുമൺപറമ്പ് വയൽകാവ് മുതിരവിള പുത്തൻവീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന വിഷ്ണു വിജയൻ (30), കൊടുമൺ അങ്ങാടിക്കൽ വടക്ക് സുരഭി വീട്ടിൽ കാർത്തിക് (26), ഏഴംകുളം വയല കുതിരമുക്ക് ഉടയാൻവിള കിഴക്കേതിൽ ശ്യാം (24) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് മർദനത്തിന് കാരണമെന്നാണ് വിവരം. പ്രതികൾ ജെറിലിന്റെ പുറത്തും വയറിലും നെഞ്ചിലും ബ്ലേഡ് കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചെന്നാണ് പരാതി. ലൈംഗികാവയവത്തിലും ഇരു തുടകളിലും തീക്കനൽ വാരിയിട്ട് പൊള്ളിക്കുകയും എയർ പിസ്റ്റൾ ഉപയോഗിച്ച് ചെവിയിൽ പെല്ലറ്റില്ലാതെ അടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു. പിന്നീട് പിസ്റ്റളിൽ പെല്ലറ്റ് ഇട്ട് കാലിലും ചെവിയിലും വെടിവച്ചതായും ഇരുമ്പുകമ്പി ഉപയോഗിച്ച് ദേഹമാസകലം മർദിച്ചതായും പരാതിയുണ്ട്.