കാരക്കോണം മെഡിക്കൽ കോളേജ് സാമ്പത്തിക ക്രമക്കേട്; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി
കേസന്വേഷണം തിരക്കിട്ട് അവസാനിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി
കാരക്കോണം മെഡിക്കൽ കോളേജ് സാമ്പത്തിക ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ചിന്‍റെ അന്തിമറിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. കേസന്വേഷണം തിരക്കിട്ട് അവസാനിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. സാമ്പത്തിക ക്രമക്കേടിൽ തെളിവില്ല എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട്.
കേസിൽ വിശദമായ അന്വേഷണം നടത്തി ആറുമാസത്തിനകം അന്തിമറിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിർദ്ദേശം നല്‍കി. ആവശ്യമെങ്കിൽ സമയം നീട്ടി നൽകാൻ ക്രൈംബ്രാഞ്ചിന് കോടതിയെ സമീപിക്കാമെന്നും ഉത്തരവിലുണ്ട്. കോളജിൽ എം.ഡി, എം.ബി.ബി.എസ് സീററുകൾ വാഗ്ദാനം ചെയ്ത് 92.5 ലക്ഷം രൂപ ക്യാപിറ്റേഷൻ ഫീസിനത്തിൽ കൈപ്പറ്റിയ ശേഷം പ്രവേശനം നൽകിയില്ലെന്ന പരാതിയില്‍ കോടതി നിർദേശ പ്രകാരം വെള്ളറട, നെയ്യാറ്റിൻകര, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.