കരുവന്നൂർ: ഇ.ഡി പിടിച്ചെടുത്ത രേഖകൾ ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് അപേക്ഷ പരിഗണിക്കുന്നത് മാറ്റി
കേസിൽ സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷൻ്റയും സി കെ ജിൽസിന്റെയും ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതും മാറ്റി.
തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇഡിയുടെ പക്കലുള്ള രേഖകൾ ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് അപേക്ഷ പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി. കലൂരിലെ പ്രത്യേക കോടതിയാണ് ഹരജി പരിഗണിക്കുന്നത്.
കേസിൽ സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷൻ്റയും സി കെ ജിൽസിന്റെയും ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതും മാറ്റി. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ അടുത്തമാസം 6നും ജിൽസിന്റേത് അടുത്ത മാസം ഒന്നിനും പരിഗണിക്കും.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടുകിട്ടാൻ നേരത്തെ നൽകിയ ഇതേ അപേക്ഷ പിൻവലിച്ചാണു ക്രൈംബ്രാഞ്ച് പുതിയ അപേക്ഷ നൽകിയത്. എന്നാൽ, ഇ.ഡിയുടെ അന്വേഷണം അട്ടിമറിക്കാനുള്ള വളഞ്ഞവഴിയാണു ക്രൈംബ്രാഞ്ച് സ്വീകരിക്കുന്നതെന്നാണ് ഇ.ഡിയുടെ ആരോപണം. ക്രൈംബ്രാഞ്ച് വളഞ്ഞവഴിയാണ് സ്വീകരിക്കുന്നതെന്നും ഇ.ഡി പറഞ്ഞിരുന്നു.
പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിനു കൈമാറരുതെന്നും ഇ.ഡി കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇ.ഡി. പിടിച്ചെടുത്ത 162 രേഖകളുടെ ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിരിക്കുന്നത്.