'ഇത്തരമൊരു അപകടം ആദ്യം, എന്തോ അശ്രദ്ധ സംഭവിച്ചിട്ടുണ്ട്'; കാസര്‍കോട് വെടിക്കെട്ട് അപകടത്തെക്കുറിച്ച് നാട്ടുകാരന്‍
തോറ്റം പുറപ്പാടിന്‍റെ സമയത്ത് ചെറുതായി വെടി പൊട്ടിക്കാറുണ്ട്
കാസര്‍കോട്: ഇന്നലെയായിരുന്നു നീലേശ്വരം വീരര്‍കാവില്‍ കളിയാട്ട മഹോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജാതിമതഭേദമന്യേ എല്ലാവരും ഇവിടെയത്താറുണ്ട്. തിരുവിതാംകൂറിലെപ്പോലെ വലിയ വെടിക്കെട്ടുകളൊന്നും ഇവിടെ നടത്താറില്ലെന്ന് ഒരു നാട്ടുകാരന്‍ പറഞ്ഞു. ഇതുവരെ ഇത്തരത്തിലൊരു അപകടമുണ്ടായിട്ടില്ലെന്നും എന്തോ ഒരു അശ്രദ്ധ സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''തോറ്റം പുറപ്പാടിന്‍റെ സമയത്ത് ചെറുതായി വെടി പൊട്ടിക്കാറുണ്ട്. പൊട്ടിക്കുന്ന സമയത്ത് അത് ചെറുതായി പൊട്ടിത്തെറിച്ചു എല്ലായിടത്തും തീപിടിച്ചു. ചെറിയ പടക്കങ്ങളാണ് വെടിപ്പുരയില്‍ സൂക്ഷിച്ചിരുന്നത്. ഒന്നുരണ്ടെണ്ണം മാത്രമാണ് വലിയ ഒച്ചയുള്ളത് ഉണ്ടായിരുന്നത്. രണ്ട് മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു'' മറ്റൊരു ദൃക്സാക്ഷി വ്യക്തമാക്കി.
ഇന്നാണ് പ്രധാന തെയ്യം നടക്കുന്നത്. അപകടത്തെ തുടര്‍ന്ന് ഇന്നത്തെ തെയ്യം മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയാണ് വെടിപ്പുരക്ക് തീ പിടിച്ചത്. 154 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലുപേരുടെ നില അതീവ ഗുരുതരമാണ്. 97 പേരാണ് ചികിത്സയിലുള്ളത്.
പരിക്കേറ്റവരെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു . അപകടത്തിൽ പൊലീസ് കേസെടുത്തു. ക്ഷേത്രം പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പടക്കം കൈകാര്യം ചെയ്തത് അലക്ഷ്യമായിട്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.