എസ്.ആർ.ഐ.ടിക്ക് കെൽട്രോൺ കരാർ നൽകിയത് സാങ്കേതിക സംവിധാനങ്ങളില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ; ദുരൂഹത
എസ്.ആർ.ഐ.ടിക്ക് ആവശ്യമായ സാങ്കേതി സഹായം നൽകാമെന്ന് മറ്റു കമ്പനികളുടെ കത്ത് വാങ്ങുകയാണ് കെൽട്രോൺ ചെയ്തത്
തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാടിൽ ആവശ്യമായസാങ്കേതിക സംവിധാനം ഇല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് എസ്.ആർ.ഐ.ടിക്ക് കെൽട്രോൺ കരാർ നൽകിയതെന്ന് കൂടുതൽ വ്യക്തമായി. എസ്.ആർ.ഐ.ടിക്ക് ആവശ്യമായ സാങ്കേതി സഹായം നൽകാമെന്ന് മറ്റു കമ്പനികളുടെ കത്ത് വാങ്ങുകയാണ് ഇതിനായി കെൽട്രോൺ ചെയ്തത്.
ഇതോടെ ഇടാപാടിലെ കെൽട്രോൺ നീക്കങ്ങളിൽ ദുരൂഹതയേറി. കെൽട്രോൺ വെബ് സൈറ്റിൽ പോലും പ്രസിദ്ദീകരിക്കാത്ത ടെണ്ടർ ഡോക്യുമെൻറിലെ ഭാഗങ്ങൾ പുറത്ത് വന്നതോടെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഉപകരാർ പാടില്ലെന്ന് വ്യക്തമായി. ക്യാമറ നിർമിക്കുന്നവർക്കോ അല്ലെങ്കിൽ അത് നിർമിക്കുന്ന കമ്പനികളുടെ വെണ്ടർമാർക്കും മാത്രമേ കരാർ നൽകാവൂവെന്നും ടെണ്ടറിൽ ഉണ്ട്.
ഇത് മറികടന്ന് എസ്.ആർ.ഐ.ടിയെ സഹായിക്കാനായിട്ടാണ് ട്രോയിസ്, മീഡിയ ട്രോണിക്‌സ് എന്നിവരുടെ എസ്.ആർ.ഐ.ടിക്ക് വേണ്ടിയുള്ള കത്ത് കെൽട്രോൺ വാങ്ങിവെച്ചത്. രണ്ട് കമ്പനികളും കത്ത് നൽകിയത് ഒരേ ദിവസമാണ്. ഈ രണ്ട് കമ്പനികളും എസ്ആർഐടിയുടെ കൺസോർഷ്യത്തിൻറെ ഭാഗമായിരുന്നില്ലെങ്കിലും ഇവർക്ക് ഉപകരാറും ലഭിച്ചു. ഇതും കെൽട്രോണിൻറെ അറിവോടെയാണ്. ഇതോടെ കെൽട്രോൺ സ്വന്തം ഇഷ്ട പ്രകാരം തന്നെയാണ് ഈവഴിവിട്ട നീക്കങ്ങൾക്ക് കൂട്ടു നിന്നതെന്ന ചോദ്യം ശക്തമാവുകയാണ്.